12 ലോഡ് മണലും രണ്ട് മണല്‍ ലോറികളും പിടികൂടി; രണ്ട് പേര്‍ക്കെതിരെ കേസ്

Posted on: December 15, 2014 10:53 am | Last updated: December 15, 2014 at 10:53 am

വേങ്ങര: വേങ്ങര പോലീസ് കടലുണ്ടിപുഴയിലെ വിവിധ കടവുകളില്‍ നടത്തിയ പരിശോധനയില്‍ 12 ലോഡ് മണലും രണ്ട് മണല്‍ ലോറികളും പിടിച്ചെടുത്തു. ലോറിയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് പരിശോധന നടത്തിയത്. വേങ്ങര ഇല്ലിപിലാക്കലില്‍ നിന്നാണ് മണല്‍ നിറച്ച ഒരു ലോറി പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന ഗാന്ധിക്കുന്ന് മണ്ണില്‍വീട് അനില്‍കുമാര്‍ (34)നെ അറസ്റ്റ് ചെയ്തു. കൂരിയാട് പമ്പ് ഹൗസിന് സമീപത്ത് നിന്നാണ് മറ്റൊരു ലോറി പിടികൂടിയത്. ഇവിടെ നിന്നും വണ്ടിയിലുണ്ടായിരുന്ന കൂരിയാട് മടപ്പള്ളി അനീഷ് (28)നെ അറസ്റ്റ് ചെയ്തു. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. ഇല്ലിപാലക്കലിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട നിലയിലായിരുന്നു 12 ലോഡ് മണല്‍. സ്ഥല ഉടമക്കെതിരെ പോലീസ് കേസെടുത്തു. പിടിച്ചെടുത്ത മണല്‍ ശേഖരവും വണ്ടികളും വേങ്ങര സ്റ്റേഷന്‍ പരിസരത്ത് മാറ്റി. വേങ്ങര എസ് ഐ അനില്‍കുമാര്‍, ടി മേപ്പിള്ളി, എ എസ് ഐ അബ്ദുല്‍ ജബ്ബാര്‍, സി പി ഒ മാരായ ദീപ, ഷിന്‍സ് ആന്റണി, ഷാജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധന നടത്തിയത്.