Connect with us

Kozhikode

ജയചന്ദ്രന്‍ മാസ്റ്ററുടെ മോചനം: കൂട്ടായ്മ സംഘടിപ്പിച്ചു

Published

|

Last Updated

കുറ്റിയാടി: മാലി ദ്വീപില്‍ എട്ടുമാസമായി തടവില്‍ കഴിയുന്ന സാസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ കെ ജയ ചന്ദ്രന്‍ മാസ്റ്ററുടെ മോചനത്തിനായി ഒരു നാടു മുഴുവന്‍ ഒത്തുചേര്‍ന്നപ്പോള്‍ മൊകേരിയില്‍ എത്തിയത് ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ട ആയിരങ്ങള്‍. ചെയ്ത കുറ്റം പോലും അറിയാതെ മാസങ്ങളായി ജയിലില്‍ കഴിയുന്ന കെ കെ ജയചന്ദ്രന്റെ മോചനത്തിനായി കലാ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമൂഹിക രംഗത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നടത്തിയ കൂട്ടായ്മയാണ് ഒരു നാടിന്റെ വികാര പ്രകടനമായി മാറിയത്. സമാന്തര വിദ്യാഭ്യാസ രംഗത്തെ നിറ സാന്നിധ്യമായിരുന്ന കെ കെ ജയചന്ദ്രന്‍ മാസ്റ്റര്‍ ഒരു പതിറ്റാണ്ട് കാലത്തോളം ഈരംഗത്ത് സജീവമായിരുന്നു. മൊകേരിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നണി പോരാളിയായിരുന്നു ഇദ്ദേഹം. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകന്‍ കൂടിയായിരുന്നു. തിരക്കഥാകൃത്ത് കൂടിയായ കെ കെ ജയചന്ദ്രന്‍ മാസ്റ്ററുടെ മോചനത്തിനായി ഇന്ത്യ ഗവണ്‍മെന്റ് എത്രയും പെട്ടെന്ന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര-കേരള മന്ത്രിമാര്‍, എം പിമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. സത്യന്‍മൊകേരി ചെയര്‍മാനും കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് പി നാണു മാസ്റ്റര്‍ കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. ഈ മാസം 19ന് വൈകുന്നേരം അഞ്ച് മണിക്ക് മൊകേരിയില്‍ യുവജന കൂട്ടായ്മ നടത്താനും തീരുമാനിച്ചു. കെ കെ ലതിക എം എല്‍ എ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ ഇ കെ വിജയന്‍, സി കെ നാണു, കല്‍പ്പറ്റ നാരായണന്‍, സത്യന്‍മൊകേരി, വി എം ചന്ദ്രന്‍, കെ കെ ദിനേശന്‍, എം പി രാജന്‍, സി വി അശ്‌റഫ് മാസ്റ്റര്‍, സൂപ്പി നരിക്കാട്ടേരി, എം കെ ശ്രീജിത്ത്, ഒ പി സുധീഷ്, പി ഗവാസ്, പി രാധാകൃഷ്ണന്‍, നീലിയോട്ട് നാണു, അഡ്വ. പ്രമോദ് കക്കട്ടില്‍, കെ കെ നഫീസ, രാധിക ചിറയില്‍, ടി ടി നാണു, കെ ജയരാജന്‍, മൊയ്തു വാണിമേല്‍, എം കെ ശശി പ്രസംഗിച്ചു.