Connect with us

International

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഹെയ്തിയില്‍ പ്രധാനമന്ത്രി രാജിവെച്ചു

Published

|

Last Updated

പോര്‍ട്ട് ഒ പ്രിന്‍സ്: അക്രമാസക്ത സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഹെയ്തിയില്‍ പ്രധാനമന്ത്രി ലോറന്റ് ലാമോതെ രാജി പ്രഖ്യാപിച്ചു. നിരവധി മന്ത്രിമാരും അദ്ദേഹത്തോടൊപ്പം രാജിവെച്ചിട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് നിയോഗിച്ച കമ്മീഷന്‍ പ്രധാനമന്ത്രി രാജി വെക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഇന്നലെ പുലര്‍ച്ചെ രാഷ്ട്രത്തോടായി നടത്തിയ പ്രഭാഷണത്തില്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. അങ്ങേയറ്റം കൃതാര്‍ഥതയോടെ സ്ഥാനമൊഴിയുന്നുവെന്നും രാഷ്ട്രത്തെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കിയെന്ന സംതൃപ്തിയുണ്ടെന്നും ലോറന്റ് പറഞ്ഞു.
ലോറന്റിന്റെ രാജി ശിപാര്‍ശ ചെയ്ത കമ്മീഷന്‍ റിപ്പോര്‍ട്ട് നേരത്തേ പ്രസിഡന്റ് മൈക്കല്‍ മാര്‍ട്‌ലി അംഗീകരിച്ചിരുന്നു. ലോറന്റിന്റെ രാജിയാണ് പ്രധാനമായും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ചിലര്‍ പ്രസിഡന്റ് മാര്‍ട്‌ലിയുടെ രാജിക്കായും മുറവിളി കൂട്ടുന്നുണ്ട്. ഹെയ്തിയെ വീണ്ടും ഏകാധിപത്യത്തിലേക്ക് തള്ളിവിടുന്നതിനായി മാര്‍ട്‌ലിയും ലോറന്റും കരുക്കള്‍ നീക്കിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 2011ല്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയാണ് പ്രസിഡന്റെന്നും അവര്‍ ആരോപിക്കുന്നു.
2012ലാണ് ലാമോത്തെയെ പ്രസിഡന്റ് മാര്‍ട്‌ലി പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്തത്. അടുത്ത തിരഞ്ഞെടുപ്പില്‍ ലാമോതെ പ്രസിഡന്റ് പദവി ഏറ്റെടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇരുവരുടെയും രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ പോര്‍ട്ട് ഒ പ്രിന്‍സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്.
പ്രക്ഷോഭകര്‍ പോലീസുമായി ഏറ്റുമുട്ടയതില്‍ ശനിയാഴ്ച ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുമ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.