Connect with us

International

ഇടക്കാല തിരഞ്ഞെടുപ്പ്: ജപ്പാന്‍ ജനത വിധിയെഴുതി

Published

|

Last Updated

ടോക്യോ: ജപ്പാന്‍ ജനത പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആവേശപൂര്‍വം വോട്ട് രേഖപ്പെടുത്തി. രണ്ട് വര്‍ഷം മുമ്പ് അധികാരത്തിലെത്തിയ പ്രധാനമന്ത്രി ഷിന്‍സോ ആബേ തന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കുള്ള ഹിതപരിശോധന എന്ന നിലക്കാണ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പ്രാദേശിക സമയം ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകളില്‍ വന്‍ ക്യൂവാണ് കാണപ്പെടുന്നത്. ഷിന്‍സോ ആബേയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ചെറു സഖ്യക്ഷിയായ കോമിതോയുമായി ചേര്‍ന്ന് മിക്ക സീറ്റുകളിലും വിജയം നേടുമെന്നാണ് പ്രധാന സര്‍വേകളെല്ലാം പ്രവചിക്കുന്നത്.
പ്രതിപക്ഷം താരതമ്യേന ദുര്‍ബലവും ശിഥിലവുമാണ്. അബേനോമിക്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സാമ്പത്തിക പരിഷ്‌കരണ പരിപാടികളാണ് ഷിന്‍സോ ആബേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചിട്ടുള്ളത്. കൂടുതല്‍ കമ്പോള അധിഷ്ഠിതമായ ഈ സാമ്പത്തിക നയത്തിനുള്ള അംഗീകാരമായിരിക്കും അദ്ദേഹത്തിന്റെ സഖ്യം നേടുന്ന വിജയം. ജപ്പാന്‍ കൂടുതല്‍ സമ്പന്നമാകുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. 475 സീറ്റില്‍ 300ഉം ആബേയുടെ സഖ്യം നേടുമെന്നാണ് പ്രവചനം. പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാന്‍ വെറും 62 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു.

Latest