Connect with us

Kerala

ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് ലാഭകരമല്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാറിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഫണ്ട് സമയത്ത് ലഭ്യമാകാത്തതും വിപണി വിലക്കനുസരിച്ച് ഫണ്ടില്‍ മാറ്റമുണ്ടാകാത്തതുമാണ് പ്രധാന കാരണം. ഇത്തരം സ്‌കൂളുകളില്‍ കൂടുതലുമുള്ളത് ദളിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നും സന്നദ്ധ സംഘടനയായ റൈറ്റ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് 5137 സ്‌കൂളുകളാണ് ലാഭകരമല്ലാത്തതായി സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 2577 സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം 50ന് താഴെയാണ്. ഇതില്‍ പകുതിയും പ്രവര്‍ത്തിക്കുന്നത് ആദിവാസി ദളിത് മേഖലകളിലാണ്. ഈ സ്‌കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചാണ് റൈറ്റസ് പഠനം നടത്തിയത്.
50 കുട്ടികളുള്ള ഒരു സ്‌കൂളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാല്‍, ഒരു ദിവസം മുട്ട, മറ്റ് പോഷകാഹാരങ്ങള്‍ എന്നിവക്കായി ഒരു വിദ്യാര്‍ഥിക്ക് അഞ്ച് രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ആകെ ലഭിക്കുക 250 രൂപ. നല്‍കേണ്ട സാധനങ്ങളുടെ നിലവിലെ വിപണി വില നോക്കുമ്പോള്‍ ഈ തുക അപര്യാപ്തമാണ്. ചില സ്‌കൂളുകളില്‍ പ്രധാന അധ്യാപകന്റെ കരുണ കൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നത്. പല സ്‌കൂളുകളിലും ബില്‍ മാറാന്‍ മൂന്ന് മുതല്‍ ആറ് മാസത്തെ കാല താമസം ഉണ്ടാകുന്നതും ഉച്ച ഭക്ഷണ വിതരണം മുടങ്ങുന്നതിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഉച്ചഭക്ഷണ വിതരണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാറില്‍ നിന്ന് അധ്യാപകരിലേക്ക് മാറ്റി, ക്യാഷ് ട്രാന്‍സ്ഫര്‍ വ്യവസ്ഥ നടപ്പിലാക്കിയതോടെയാണ് ഈ സ്ഥിതി വന്നതെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു. ഇതനുസരിച്ച് ഭക്ഷണത്തിനുള്ള അരി ഒഴികെയുള്ള എല്ലാ വിഭവങ്ങളും സ്‌കൂള്‍ അധികാരികള്‍ വാങ്ങണം. വിപണി വില അനുസരിച്ച് പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ മാറ്റമുണ്ടാകുകയുമില്ല. ഇത്തരമൊരു സഹാചര്യത്തില്‍ നടത്തിപ്പുകാരായ അധ്യാപകര്‍ക്ക് വന്‍തുകയാണ് നഷ്ടം വന്ന് കൊണ്ടിരിക്കുന്നത്. ഇത് മൂലം പലവിദ്യാലയങ്ങളിലും ഉച്ചഭക്ഷണം നിലച്ചമട്ടാണിപ്പോള്‍.

Latest