മദ്യ നിരോധനം: കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

Posted on: December 14, 2014 11:23 pm | Last updated: December 14, 2014 at 11:23 pm

മസ്‌കത്ത്: ഒമാനിലെ മദ്യ നിരോധനത്തിന് സാഹചര്യമൊരുങ്ങിയതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മദ്യ ഇറക്കുമതി കുറയാന്‍ സാധ്യത. ഒമാന്റെ നിയമത്തോട് ചുവട് പിടിച്ച് മറ്റു ഗള്‍ഫ് രാജ്യങ്ങളും ഭാഗികമായെങ്കിലും മദ്യനിരോധനത്തിലേക്ക് കടക്കുന്നതോടെ മദ്യ വ്യവസായികള്‍ക്ക് ഗള്‍ഫ് മേഖലയിലെ പ്രതീക്ഷിയില്ലാതെയാകും. സഊദി അറേബ്യയിലും കുവൈത്തിലും നിലവില്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒമാനും കൂടെ ഈ പാതയില്‍ എത്തുന്നതോടെ ഇറക്കുമതിയില്‍ വലിയ കുറവ് വരുത്തേണ്ടി വരും.

ഒമാന്‍ ശൂറ കൗണ്‍സിലിലെ ഭൂരിപക്ഷ അംഗങ്ങളും മദ്യനിരോധനത്തിന് അനുകൂലമായി വോട്ടു ചെയ്തതോടെയാണ് മദ്യ നിയന്ത്രണത്തിന് സാഹചര്യമൊരുങ്ങിയത്. തീരുമാനത്തെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യയില്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്മദ് ബിന്‍ ഹമദ് അല്‍ ഖലീലി മദ്യനിരോധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യനിരോധം നടപ്പാക്കാത്തതിനെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.
അതേസയമം, ഒമാനെ മാതൃകയാക്കി മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പാര്‍ലമെന്റുകളിലും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കുവൈത്ത് പാര്‍ലമെന്റ് മദ്യനിരോധന നിയമം നേരത്തെ പാസ്സാക്കിയിരുന്നു.
1963 മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് നിരോധം നടപ്പാക്കിയത്. 1983ഓടെ പൂര്‍ണ മദ്യ നിരോധനം നടപ്പായി. ആദ്യം നിയന്ത്രണവും പിന്നീട് നിരോധനവും പിന്നെ ക്രിമിനല്‍ കുറ്റമാക്കിയുമാണ് കുവൈത്ത് നിരോധം പൂര്‍ണമാക്കിയത്.
ബഹ്‌റൈനിലും കഴിഞ്ഞ ജൂണില്‍ ഇത്തരമൊരു നീക്കത്തിന് തുടക്കമായിരുന്നു. എന്നാല്‍ 2010 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നല്‍കിയ ശിപാര്‍ശ ഉപരി കൗണ്‍സില്‍ തടയുകയായിരുന്നു. ഖത്തറിലും മദ്യ നിയന്ത്രണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.