പരിസ്ഥിതി പ്രതിബദ്ധതക്ക് സാക്ഷിയായി സര്‍ ബനിയാസ്

Posted on: December 14, 2014 6:01 pm | Last updated: December 14, 2014 at 6:01 pm

jiraffഅബുദാബി: രാജ്യം പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന പ്രാധാന്യം എത്രമാത്രമാണെന്ന് അറിയണമെങ്കില്‍ സര്‍ ബനി യാസ് ദ്വീപിലേക്ക് ഒരു യാത്ര നടത്തിയാല്‍ മതിയാവും. അബുദാബിയുടെ തീരുത്തു നിന്നു 30 മിനുട്ട് ബോട്ടില്‍ സഞ്ചരിച്ചാല്‍ സര്‍ ബനിയാസില്‍ എത്തിചേരാനാവും. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കാറിലാണ് വന്യമൃഗസംരക്ഷണ കേന്ദ്രമായ ദ്വീപില്‍ ചുറ്റിക്കറങ്ങാന്‍ സാധിക്കുക. കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 50 കിലോമീറ്ററാണ്. 87 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് കടലിന് നടുവില്‍ ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. കാര്‍ യാത്രക്കിടക്ക് മാനുകളെയും മറ്റും തൊട്ടടുത്ത് കാണാനും സാധിക്കും. കാറില്‍ നിന്നു പുറത്തിറങ്ങി ഷൂട്ടിംഗ് ഉള്‍പെടെയുള്ളവക്കും അവസരം നല്‍കുന്നുണ്ട്.
അറേബ്യന്‍ ഗസല്ലെകള്‍, ജിറാഫ് തുടങ്ങിയവ ദ്വീപിന്റെ ഏത് ഭാഗങ്ങളിലും സന്ദര്‍ശകരെ സ്വീകരിക്കാനുണ്ടാവും. ദ്വീപിന്റെ ഭൂപ്രകൃതി സൃഷ്ടിക്കുന്ന മനോഹാരിത അനുഭവിച്ചറിയേണ്ടതാണ്. 250 വര്‍ഷം മുമ്പ് ആദ്യമായി വാസം ആരംഭിച്ച ഗോത്രത്തില്‍ നിന്നാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനാണ് ദ്വീപിനെ സംരക്ഷിത വന്യജീവി സങ്കേതമാക്കി രൂപാന്തരപ്പെടുത്തിയത്. 5,000 നും 10,000 നും ഇടയിലാണ് ഈ ദ്വീപ് രൂപപ്പെട്ടതെന്നാണ് ഭൗമ വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ 13,000 ഓളം മൃഗങ്ങളാണ് സര്‍ ബനി യാസില്‍ ജീവിക്കുന്നത്.
ദ്വീപില്‍ 25 ലക്ഷം മരങ്ങളുണ്ടെന്ന് സര്‍ ബനി യാസ് ദ്വീപിന്റെ ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ മാരിയസ് പ്രിന്‍സ് ലു വ്യക്തമാക്കുന്നത്. മൃഗങ്ങളെ തനതായ പ്രകൃതിയില്‍ സംരക്ഷിക്കുകയെന്ന ശൈഖ് സായിദിന്റെ മഹത്തായ ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരമാണ് ഈ ദ്വീപ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് ദ്വീപിലേക്ക് മൃഗങ്ങളെ എത്തിച്ചിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ കാളകളുടെ സംരക്ഷണവും സര്‍ ബനി യാസ് ദ്വീപിന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നായി ശൈഖ് സായിദ് കണക്കാക്കിയിരുന്നു. നിലവില്‍ 500 ഓളം അറേബ്യന്‍ കാളകളാണ് ഇവിടെ ജീവിക്കുന്നത്. ലോകത്തില്‍ ഏറ്റവും അധികം അറേബ്യന്‍ കാളകളുള്ള രാജ്യമെന്ന ബഹുമതിയും ഇതിലൂടെ യൂ എ ഇയെ തേടിയെത്തിയിട്ടുണ്ട്. ഇതോടൊപ്പം വംശനാശം നേരിടുന്ന മറ്റ് മൃഗങ്ങളുടെ സംരക്ഷണവും വംശവര്‍ധനവും ലക്ഷ്യമിട്ട് രാജ്യാന്തര സംഘടനകളുമായി കൈകോര്‍ത്ത് സര്‍ ബനി യാസ് പ്രവര്‍ത്തിക്കുന്നുണ്ട്.
സിമിറ്റര്‍ ഹോണ്‍ഡ് ഓറിക്‌സ്, ബാര്‍ബറി ഷീപ്പ്, ഇന്ത്യന്‍ ബ്ലാക്ക് ബക്ക് തുടങ്ങിയവയുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ ബനി യാസ് നല്‍കുന്നത്. കടുവയും പുലിയും ഉള്‍പെടെയുള്ള ദ്വീപിലെ മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ രണ്ട് മൃഗ ഡോക്ടര്‍മാരെയും അബുദാബി സര്‍ക്കാര്‍ ഇവിടെ നിയമിച്ചിട്ടുണ്ട്. ദ്വീപിലെ മരങ്ങളുടെ ചുമതല ബരാറി ഫോറസ്റ്റ് മാനേജ്‌മെന്റിനാണ്. അബുദാബി ടുറിസം ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം മാത്രം ദ്വീപിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ കടല്‍ത്തീരങ്ങളില്‍ 6,000 കണ്ടല്‍ മരങ്ങളാണ് നട്ടിരിക്കുന്നതെന്നും മാരിയസ് പ്രിന്‍സ് ലു പറഞ്ഞു.