കെ എസ് ആര്‍ ടി സി ബസുകള്‍ സ്റ്റേഡിയം സ്റ്റാന്‍ഡിലേക്ക് മാറ്റാന്‍ ധാരണ

Posted on: December 14, 2014 10:49 am | Last updated: December 14, 2014 at 10:49 am

പാലക്കാട്: കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് മാറ്റത്തിന്റെ ഭാഗമായി സ്‌റ്റേഡിയം സ്റ്റാന്‍ഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ അടുത്ത ആഴ്ച പൂര്‍ത്തിയാക്കും.
സ്റ്റാന്‍ഡിന്റെ കിഴക്കുവശത്ത് കെ എസ് ആര്‍ടി സ ിക്കായി അനുവദിച്ച സ്ഥലത്തെ ടാറിങ് പ്രവൃത്തികള്‍ തുടങ്ങി.ശുചിമുറികളുടെ നിര്‍മാണവും ഉടനടി പൂര്‍ത്തിയാക്കും. ഈ മാസം അവസാനത്തോടെ കെഎസ്ആര്‍ടിസി ബസുകള്‍ സ്‌റ്റേഡിയത്തിലേക്കു മാറ്റാനാണ് ആലോചന. ഇതിനു മുന്നോടിയായി സ്‌റ്റേഡിയം സ്റ്റാന്‍ഡില്‍ ബസുകളുടെ വരവും പോക്കും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും 18ന് നടക്കും.
അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമേ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് സ്‌റ്റേഡിയത്തിലേക്കു മാറ്റൂ. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ കന്റീന്‍ ഉള്‍പ്പെടെ അടപ്പിച്ചതിനാല്‍ താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ ചെറിയഭക്ഷണശാല ആരംഭിക്കാനും ധാരണയായി.
ഇതേക്കുറിച്ചു യൂണിയന്‍ ഭാരവാഹികള്‍ കോര്‍പറേഷന്‍ എംഡി ആന്റണി ചാക്കോയുമായി സംസാരിച്ചതിനെത്തുടര്‍ന്നാണു നടപടി. കോര്‍പറേഷന്റെ വായ്പ സംബന്ധമായ കാര്യങ്ങള്‍ക്കാണ് എം ഡി പാലക്കാട്ടെത്തിയത്.