Connect with us

Kozhikode

മോഷണ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: ബസുകളും തിരക്കേറിയ സ്ഥലങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശികളായ രണ്ട് നാടോടികളെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. സേലം കോവില്‍തെരുവ് ബാലുസ്വാമി (28), ലക്ഷ്മി (20) എന്നിവരെയാണ് വിത്യസ്ത ഇടങ്ങളില്‍ നിന്നായി പോലീസ് പിടികൂടിയത്.
മാവൂര്‍ റോഡിലെ ഷോപ്പില്‍ മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രഹസ്യ വിവരത്തെ തുടര്‍ന്നെത്തിയ പോലീസാണ് ബാലുസ്വാമിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണും നാല് മെമ്മറി കാര്‍ഡും മൂന്ന് സിം കാര്‍ഡും കണ്ടെടുത്തു.
പോലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ പെരുമണ്ണ പുതിയോട്ടില്‍ ലാലുവിന്റെതും സിംകാര്‍ഡ് കുരുവട്ടൂര്‍ മായത്തിങ്കല്‍ റീജയുടെതാണെന്നും വ്യക്തമായി.
കാരപ്പറമ്പില്‍ നിന്നാണ് മോഷ്ടിച്ച മൊബൈല്‍ ഫോണും പേഴ്‌സും സഹിതം ലക്ഷ്മിയെ പിടികൂടിയത്. ബസ് യാത്രക്കിടെ കാരപ്പറമ്പ് സ്വദേശി ദേവയാനിയുടെ നഷ്ടപ്പെട്ട മൊബൈലും പേഴ്‌സുമായിരുന്നു ഇത്. കഴിഞ്ഞ ദിവസം കാരപ്പറമ്പ് ഹോമിയോ കോളജ് ബസ് സ്റ്റോറ്റിപ്പില്‍ നിന്ന് നഗരത്തിലേക്കുള്ള ബസില്‍ കയറിയ ദേവയാനിയുടെ ബാഗിന്റെ സിബ്ബ് തുറന്നാണ് ലക്ഷ്മി ഇത് കൈക്കലാക്കിയത്.
വിവിധയിടങ്ങളിലായി നടക്കാവ് പോലീസ് നടത്തിയ പരിശോധനയില്‍ എസ് ഐ. ജി ഗോപകുമാര്‍, എ എസ് ഐ രാജേന്ദ്രന്‍, പോലീസുകാരായ ശശിധരന്‍, സുജിത്, ബൈജു, ശബീര്‍, അബ്ദുര്‍റഹിമാന്‍, രമ, ഷിജില പങ്കെടുത്തു.