പി ജി ഡോക്ടര്‍മാരുടെ കോളജ് മാറ്റം റദ്ദാക്കും, സമരം നിര്‍ത്തി

Posted on: December 14, 2014 4:33 am | Last updated: December 14, 2014 at 10:37 am

doctorകോഴിക്കോട്: മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള 18 പി ജി വിദ്യാര്‍ഥികളെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കും. കോളജ് മാറ്റത്തില്‍ പ്രതിഷേധിച്ച് സമരമാരംഭിച്ച പി ജി വിദ്യാര്‍ഥികളുമായി പ്രിന്‍സിപ്പല്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് രേഖാമൂലമുള്ള അറിയിപ്പ് വിദ്യാര്‍ഥികള്‍ക്ക് നാളെ നല്‍കും. ചൊവ്വാഴ്ച ആരോഗ്യ മന്ത്രിയുമായി വിദ്യാര്‍ഥി പ്രതിനിധികള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയുമായി ബന്ധപ്പെട്ടാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് 18 പി ജി വിദ്യാര്‍ഥികളെ മാറ്റിക്കൊണ്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഉത്തരവിട്ടത്. പുതുതായി ആരംഭിച്ച മഞ്ചേരി മെഡിക്കല്‍ കോളജില്‍ സീനിയര്‍ റെസിഡന്റുമാരുടെ ഒഴിവിലേക്കാണ് കോഴിക്കോട്ട് നിന്ന് പി ജിക്കാരെ നിയോഗിച്ചത്. മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്ക് തിരികെ കോഴിക്കോട്ടേക്ക് തന്നെ വരാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, മൂന്ന് വര്‍ഷത്തെ പി ജി കോഴ്‌സ് സ്ഥലം മാറ്റമില്ലാതെ ഒരേ സ്ഥലത്ത് തന്നെ ചെയ്യണമെന്നും അല്ലാതിരുന്നാല്‍ അംഗീകാരത്തെ ബാധിക്കുമെന്നും നടപടി ചട്ടലംഘനമാണെന്നുമാരോപിച്ച് കോഴിക്കോട്ടെ പി ജി വിദ്യാര്‍ഥികള്‍ ഇന്നലെ രാവിലെ മുതല്‍ സമരം ആരംഭിക്കുകയായിരുന്നു. വിദ്യാര്‍ഥികളുമായി പ്രിന്‍സിപ്പല്‍ നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സമരം പിന്‍വലിച്ച് വിദ്യാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടര്‍മാരെ മഞ്ചേരിയിലേക്ക് മാറ്റാനുള്ള നീക്കമുണ്ടെന്നാരോപിച്ച് കഴിഞ്ഞ ദിവസം കേരളാ ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജില്‍ സമരം നടത്തിയിരുന്നു.