Connect with us

Eranakulam

കൊച്ചി മെട്രോയില്‍ ട്രെയിന്‍ ഓടിത്തുടങ്ങാന്‍ ഇനി 555 നാള്‍

Published

|

Last Updated

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ റെയിലിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങാന്‍ ഇനി 555 നാള്‍. മെട്രോ കുതിപ്പിന് കൗണ്ട് ഡൗണ്‍ തുടങ്ങിയത് 2013 ജൂണ്‍ ഏഴിനാണ്. ഇപ്പോള്‍ നിര്‍മാണം ആരംഭിച്ച് ഒന്നര വര്‍ഷം പിന്നിട്ടു. 2015 ഡിസംബര്‍ 31നകം ആലുവയില്‍ നിന്ന് കലൂരിലേക്കും 2016 മാര്‍ച്ച് 31നകം അവസാന സ്റ്റേഷനായ പേട്ട വരെയും ട്രെയിന്‍ ഓടിക്കുമെന്നാണ് ഡി എം ആര്‍ സി മുഖ്യ ഉപദേശ്ടാവ് ഇ.ശ്രീധരന്‍ നല്‍കിയിട്ടുള്ള ഉറപ്പ്. അടുത്ത വര്‍ഷം അവസാനത്തോടെ സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയാണ് ഡി എം ആര്‍ സിയുടെ ലക്ഷ്യം. എന്നാല്‍ സ്ഥലമെടുപ്പില്‍ വന്ന കാലതാമസവും തൊഴില്‍ത്തര്‍ക്കങ്ങളും പണിമുടക്കും മൂലം മെട്രോക്ക് ഏറെ തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടു. ആലുവ മുട്ടത്തെ മെട്രോ യാര്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളും നിയമനടപടികളുമാണ് കാലതാമസത്തിന് കാരണമാകുന്ന മറ്റൊരു പ്രശ്‌നം. 25 കിലോമീറ്റര്‍ ദൂരത്തെ നാലായി മുറിച്ച് മഴയും വെയിലും വകവെക്കാതെ നിര്‍മാണം മുന്നേറുമ്പോഴും ഒന്നിന് പിറകെ അവിചാരിതമായി വന്ന പ്രശ്‌നങ്ങള്‍ പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗം കുറക്കുകയാണ്.
മെട്രോയുടെ 25.61 കിലോമീറ്ററിനിടയില്‍ 22 സ്റ്റേഷനുകളാണുള്ളത്. 22 സ്റ്റേഷനുകളുടെയും നിര്‍മാണ ജോലികള്‍ വിവിധ ഘട്ടങ്ങളിലാണ്. അവസാന രണ്ട് റീച്ചുകളില്‍ സ്റ്റേഷന്‍ ഇപ്പോഴും രൂപരേഖയില്‍ മാത്രമാണെങ്കില്‍ ആദ്യരണ്ട് റീച്ചുകളില്‍ ഇതിനുള്ള സിവില്‍ വര്‍ക്കുകള്‍ ഏറെ പുരോഗമിച്ചു കഴിഞ്ഞു.

Latest