Connect with us

International

മണ്ണിടിച്ചില്‍: ഇന്തോനേഷ്യയില്‍ 12 പേര്‍ മരിച്ചു, നൂറിലേറെപേരെ കാണാതായി

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 12 പേര്‍ മരിച്ചു. നൂറിലധികം പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. മൊത്തം 105 വീടുകള്‍ ശക്തമായ മണ്ണിടിച്ചിലില്‍പ്പെട്ട് തകര്‍ന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരും പോലീസും സൈന്യവും കാണാതായവര്‍ക്കു വേണ്ടിയുള്ള ശക്തമായ തിരച്ചിലിലാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആദ്യം മന്ദഗതിയിലായിരുന്നു. പിന്നീട് ട്രാക്ടറുകളുടെയും ബുള്‍ഡോസറുകളുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. മണ്ണിടിച്ചില്‍ നടന്ന പ്രദേശം സുരക്ഷിതമല്ലാത്ത മേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
തുടര്‍ച്ചയായി രണ്ട് ദിവസം ഇവിടെ മഴപെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഒരു ഗ്രാമം മുഴുവനും മണ്ണിടിച്ചിലിനെ തുടര്‍ന്ന് തുടച്ചുമാറ്റപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ 700ലധികം രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. പക്ഷേ എതു നിമിഷവും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുമെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്.