ആലപ്പുഴ ജില്ലാ സംയുക്ത മഹല്ല് ഖാസിയായി കാന്തപുരത്തെ നാമനിര്‍ദേശം ചെയ്തു

Posted on: December 13, 2014 11:38 pm | Last updated: December 14, 2014 at 10:37 am

kanthapuramആലപ്പുഴ: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആലപ്പുഴ ജില്ലാ സംയുക്ത മഹല്ല് ഖാസിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി നാമനിര്‍ദേശം ചെയ്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 50ല്‍ പരം മഹല്ല് ജമാഅത്ത് പ്രതിനിധികള്‍ കാരന്തൂര്‍ മര്‍കസിലെത്തി കാന്തപുരത്തെ ഖാസിയായി പ്രാഥമികമായി ബൈഅത്ത് ചെയ്തു. ജില്ലയില്‍ ഖാസി നിലവിലുള്ള അരൂര്‍-വടുതല മഹല്ലുകള്‍ ഒഴികെയുള്ള മറ്റ് മഹല്ലുകള്‍ ഉടനെ ബൈഅത്ത് ചെയ്യുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഭാരവാഹികളായ സയ്യിദ് ഹാമിദ് ബാഫഖി തങ്ങള്‍, എ ത്വാഹാ മുസ്‌ലിയാര്‍, എം എം ഹനീഫ് മൗലവി, പി കെ ബാദ്ഷാ സഖാഫി, പുന്നപ്ര അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, ടി എ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. അരൂര്‍, വടുതല മഹല്ലുകളില്‍ നിലനില്‍ക്കുന്ന പരമ്പരാഗത ഖാസി സ്ഥാനം മാതൃകാപരമാണെന്നും ആലപ്പുഴ ജില്ലയില്‍ തന്നെ ഖാസിയായി ബൈഅത്ത് ചെയ്ത മഹല്ലുകളില്‍, സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാമിദ് ബാഫഖി തങ്ങള്‍ പ്രതിനിധിയായിരിക്കുമെന്നും കാന്തപുരം അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു. കാന്തപുരം ഉസ്താദിനെ ഖാസിയായി ബൈഅത്ത് ചെയ്യാന്‍ ആഗ്രഹിക്കുന്ന മഹല്ലു ജമാഅത്തുകള്‍ സമസ്ത ജില്ലാ നേതൃത്വവുമായി ബന്ധപ്പെടണമെന്നും നേതാക്കള്‍ അറിയിച്ചു.