ഇസില്‍ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ച യുവാവ് അറസ്റ്റില്‍

Posted on: December 13, 2014 4:30 pm | Last updated: December 14, 2014 at 10:31 am

mehdi

ബെംഗളൂരു: ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്തിന്റെ (ഇസില്‍) ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചെന്ന് ആരോപക്കപ്പെട്ട യുവാവ് അറസ്റ്റില്‍. ഇസിലിന്റെ ട്വിറ്റര്‍ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്ത മെഹ്ദി മസ്‌റൂര്‍ ബിശ്വാസ് (24) ആണ് ഇന്നലെ രാവിലെ ബെംഗളൂരുവില്‍ അറസ്റ്റിലായത്. ബെംഗളൂരുവിലെ ജാലഹള്ളിയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മസ്‌റൂറിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി കര്‍ണാടക പോലീസ് മേധാവി എല്‍ പാച്ചാവു അറിയിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയും എന്‍ജിനീയറിംഗ് ബിരുദധാരിയുമായ മെഹ്ദി മസ്‌റൂര്‍, 2012 മുതല്‍ ബെംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്നുവെന്ന് ബെംഗളൂരു പോലീസ് പറയുന്നു.

ഇസില്‍ തീവ്രവാദികളില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും യുവാക്കളെ തീവ്രവാദ സംഘടനയില്‍ ചേര്‍ക്കുന്നതിന് പ്രോത്സാഹനം നല്‍കിയെന്നും പോലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഢി അറിയിച്ചു. യു എ പി എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ പി സിയിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ ഐ ടി വകുപ്പും ചുമത്തിയിട്ടുണ്ട്. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ക്രൈം ബ്യൂറോയാണ് കേസ് അന്വേഷിക്കുന്നത്.
പതിനേഴായിരത്തിലധികം ആളുകളാണ് മെഹ്ദിയുടെ ട്വിറ്റര്‍ അക്കൗണ്ടിനെ പിന്തുടരുന്നത്. ഇസിലിന് സ്വാധീനമുള്ള തുര്‍ക്കി, സിറിയ, ലെബനാന്‍, ഇസ്‌റാഈല്‍, ഫലസ്തീന്‍, ഗാസ, ഈജിപ്ത്, ലിബിയ, ജോര്‍ദാന്‍ എന്നിവ ഉള്‍പ്പെടുന്ന ലെവന്ത് മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇവിടെ നിന്നുള്ള വിവരങ്ങള്‍ ട്വിറ്ററില്‍ അപ്‌ഡേറ്റ് ചെയ്യുകയുമാണ് മെഹ്ദി മസ്‌റൂര്‍ ചെയ്തത്.
ഇസിലിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിക്കുന്നത് ബെംഗളൂരുവില്‍ നിന്നാണെന്ന് ബ്രിട്ടനിലെ വാര്‍ത്താ ചാനലായ ചാനല്‍ ഫോര്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മെഹ്ദി മസ്‌റൂറിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയത്. പകല്‍ സമയത്ത് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ മസ്‌റൂര്‍, രാത്രിയിലാണ് ഇന്റര്‍നെറ്റില്‍ സജീവമായിരുന്നത്. ഇസിലുമായി ബന്ധപ്പെട്ട വാര്‍ത്തകളും വെബ്‌സൈറ്റുകളുമാണ് പ്രധാനമായും പരിശോധിച്ചത്. അവ സോഷ്യല്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഏഷ്യന്‍ രാജ്യങ്ങളിലും ഇസിലിന്റെ സ്വാധീനം വര്‍ധിപ്പിക്കാനായിരുന്നു മസ്‌റൂറിന്റെ ശ്രമമെന്നും പോലീസ് പറഞ്ഞു. ചാനലില്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ട്വിറ്റര്‍ അക്കൗണ്ടായ ‘ഷാമി വിറ്റ്‌നസ്’ മരവിപ്പിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളില്‍ താമസിക്കുന്ന മെഹ്ദി മസ്‌റൂറിന്റെ പിതാവ് വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരനായിരുന്നു. ഇസിലിന്റെ ട്വിറ്റര്‍ നിയന്ത്രിച്ചത് ബെംഗളൂരുവില്‍ നിന്നാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.