പൊന്നാനി കാര്‍ഗോ തുറമുഖം: കരാറില്‍ ഒപ്പിട്ടു; നിര്‍മാണം ഉടന്‍

Posted on: December 13, 2014 10:31 am | Last updated: December 13, 2014 at 10:31 am

പൊന്നാനി: പൊന്നാനി കാര്‍ഗോ പോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറില്‍ ഒപ്പിട്ടു. പോര്‍ട്ട് നിര്‍മിക്കാനുദ്ദേശിക്കുന്ന തുറമുഖ വകുപ്പിന്റെ ഭൂമി സംബന്ധിച്ച പാട്ടക്കരാറിലാണ് ഇന്നലെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഒപ്പ് വെച്ചത്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി തുറമുഖ വകുപ്പ് സെക്രട്ടറി ജെയിംസ് വര്‍ഗീസും തുറമുഖത്തിന്റെ നിര്‍മ്മാണ നടത്തിപ്പ് ചുമതലയുളള ചെന്നൈ മലബാര്‍ പോര്‍ട്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ രംഗരാജനുമാണ് കരാറില്‍ ഒപ്പിട്ടത്.
ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി കെ ബാബു, പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, പൊന്നാനി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി ബീവി, തുറമുഖ വകുപ്പ് ഡയറക്ടര്‍ ഷെയ്ഖ് പരീത് എന്നിവര്‍ സംബന്ധിച്ചു. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയായ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കാവശ്യമായ വിവിധ വകുപ്പുകളുടെ അനുമതി നേരത്തെ തന്നെ ലഭ്യമായിട്ടുണ്ട്.
2011 ല്‍ നിര്‍രാണ ചുമതലയുളള മലബാര്‍ പോര്‍ട്ട്‌സുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചിരുന്നു. പദ്ധതിക്കായി പൊന്നാനി കടപ്പുറത്തോട് ചേര്‍ന്ന തുറമുഖ വകുപ്പിന്റെ 29.5 ഏക്കര്‍ ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്ന കരാര്‍ പൂര്‍ത്തിയായതോടെ മുഴുവന്‍ കടമ്പകളും പൂര്‍ത്തിയായി.
പൊന്നാനി കടപ്പുറത്തുനിന്ന് രണ്ടു കിലോമീറ്ററോളം കടല്‍ നികത്തിയാണ് തുറമുഖം നിര്‍മ്മിക്കുന്നത്. ഇതിനുള്ള പാരിസ്ഥിതിക അനുമതി ലഭ്യമായിട്ടുണ്ട്. മൂന്നു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍.
രണ്ട് ഘട്ടങ്ങളിലായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 850 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിട്ടുണ്ട്. അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാകുമ്പോള്‍ രണ്ടായിരം കോടിയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.