ദുബൈയില്‍ ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ ആരംഭിച്ചു

Posted on: December 12, 2014 5:27 pm | Last updated: December 12, 2014 at 5:27 pm

property showദുബൈ: 15-ാമത് ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ ബോളിവുഡ് താരവും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ ഉച്ചക്ക് വേള്‍ഡ് ട്രേഡ് സെന്ററിലായിരുന്നു ഉദ്ഘാടനം. ട്രേഡ് സെന്ററില്‍ ഹാള്‍ നമ്പര്‍ നാലില്‍ ആരംഭിച്ച പ്രോപ്പര്‍ട്ടി ഷോ നാളെ സമാപിക്കും. രാവിലെ 11 മുതല്‍ രാത്രി എട്ടു വരെയാണ് പ്രവേശനം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കാളികളാവുന്നത്. 45,000 വസ്തുവാണ് വില്‍പനക്കായി ഒരുക്കിയിരിക്കുന്നത്. അപാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍, റോ ഹൗസസ് എന്നിവയുമായി നിരവധി കമ്പനികള്‍ ദുബൈയില്‍ എത്തിയിട്ടുണ്ട്. വാണിജ്യാവശ്യത്തിന് ഉതകുന്ന 12 ലക്ഷം രൂപ മുതല്‍ 23 കോടിവരെയുള്ള പ്രോപര്‍ട്ടി തിരഞ്ഞെടുക്കാനും നിക്ഷേപകര്‍ക്ക് ഷോയിലൂടെ അവസരം ലഭിക്കും. മൂന്നു ദിവസത്തിനിടയില്‍ 700 കോടി രൂപയുടെ ബിസിനസാണ് പ്രതീക്ഷിക്കുന്നതെന്ന് സുമാന്‍സ എക്‌സ്ബിഷന്‍സ് സി ഇ ഒയും ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോയുടെ മുഖ്യ സംഘാടകനുമായ സുനില്‍ ജയ്‌സ്‌വാള്‍ വ്യക്തമാക്കി.
പ്രോപ്പര്‍ട്ടി ദമാക്ക എന്ന പേരില്‍ സ്‌പോട് ബുക്കിംഗിന് എത്തുന്ന നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ കിഴിവുകളും ഒരുക്കിയിട്ടുണ്ട്. പ്രോപ്പര്‍ട്ടി കാണാന്‍ ഇന്ത്യയിലേക്ക് സൗജന്യ യാത്ര, പഞ്ചനക്ഷത്ര താമസവുമെല്ലാം നിക്ഷേപകര്‍ക്ക് പ്രോത്സാഹനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫഌറ്റുകള്‍ ഉള്‍പെട്ട താമസത്തിനുള്ള കെട്ടിടങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മികച്ച സാധ്യതയാണ് ഇന്ത്യയില്‍ നിലവിലുള്ളത്. നിലവില്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച 5.5 ആണ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് എട്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതും നിക്ഷേപകര്‍ക്ക് അനുകൂലമാവുന്ന ഘടകമാണ്. ഇന്ത്യയില്‍ രണ്ടു കോടി വീടുകളുടെ കുറവാണ് ഇപ്പോഴുള്ളത്. ഇതിനാല്‍ അടുത്ത 10 മുതല്‍ 15 വര്‍ഷത്തേക്ക് ഈ മേഖലയില്‍ നിക്ഷേപിക്കുന്നത് മികച്ച വരുമാനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.