ബാര്‍ കോഴ മാണി അസ്വസ്ഥന്‍; തിരിച്ചടിക്കാന്‍ കേരളാ കോണ്‍ഗ്രസ്

Posted on: December 12, 2014 2:26 pm | Last updated: December 12, 2014 at 11:29 pm

kerala congress

തിരുവനന്തപുരം :ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിയെ പ്രതിചേര്‍ത്ത് എഫ് ഐ ആര്‍ സമര്‍പ്പിച്ചതോടെ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി കേരളാകോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് എന്ന പരിഗണനയോ വേണ്ടത്ര കൂടിയാലോചനകളോ ഇല്ലാതെ കേസെടുത്തതില്‍ അസ്വസ്ഥനായി കഴിയുന്ന കെ എം മാണിയെ അനുനയിപ്പിക്കാനും ശ്രമം തുടങ്ങി. കോഴ ആരോപണം നേരിടുന്നതില്‍ കോണ്‍ഗ്രസില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന പരാതി നിലനില്‍ക്കെ കേസെടുക്കുക കൂടി ചെയ്തത് മാണിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള ഫയലുകള്‍ ധനമന്ത്രി തടഞ്ഞുവെച്ചെന്ന ആരോപണം നിലനില്‍ക്കെ ഇത് മറികടക്കാന്‍ കേരളാകോണ്‍ഗ്രസ് ചില രേഖകള്‍ പുറത്ത് വിട്ടു. ബാര്‍ ലൈസന്‍സില്‍ തീരുമാനങ്ങളെടുത്തത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമാണെന്ന സൂചനകളാണ് ഈ രേഖകളില്‍. രേഖകള്‍ പുറത്ത് വിട്ടത് രണ്ടുംകല്‍പ്പിച്ചുള്ള നീക്കത്തിന്റെ ഭാഗമാണെന്ന വിലയിരുത്തല്‍ വന്നതോടെ രമേശ് ചെന്നിത്തല തന്നെ മാണിയുടെ വീട്ടിലെത്തി സാഹചര്യങ്ങള്‍ വിശദീകരിച്ചു.

വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ഡല്‍ഹിയിലായിരുന്ന മാണി ഇന്നലെ നിയമസഭയിലെത്തിയെങ്കിലും തീര്‍ത്തും അസ്വസ്ഥനായിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടി നിഷേധിക്കുന്നു, വാസ്തവവിരുദ്ധം എന്ന ഒറ്റവരിയിലൊതുക്കി. സഭ പിരിഞ്ഞയുടന്‍ മാണിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന കേരളാകോണ്‍ഗ്രസ് എം എല്‍ എമാരുടെ യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
കോഴ ആരോപണം നേരിടുന്നതിന് കോണ്‍ഗ്രസില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചില രേഖകള്‍ കേരളാകോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പുറത്ത് വിട്ടത്‌വഴി. ബാറുടമകളെ സഹായിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമാണെന്ന സൂചനകളാണ് കേരളാകോണ്‍ഗ്രസ് നല്‍കിയത്. നിയമവകുപ്പറിയാതെ ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ നിയമോപദേശം തേടിയത് ദുരൂഹമാണ്. നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയാല്‍ മതിയെന്നാണ് 2014 മാര്‍ച്ച് 17ന് എ ജി നിയമോപദേശം നല്‍കിയത്. മാര്‍ച്ച് 20ന് നിലവാരമില്ലെന്ന് കണ്ടെത്തിയ 418 ബാറുകള്‍ക്ക് താത്കാലിക ലൈസന്‍സ് നല്‍കാമെന്ന നിയമോപദേശം വാങ്ങി. ഇത് നിയമവകുപ്പ് അറിയാതെയായിരുന്നു. അപ്പോഴാണ് നിയമവകുപ്പിന്റെ പരിഗണനക്ക് വിടണമെന്ന് കെ എം മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടതെന്നും കേരളാകോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നു.
രേഖകള്‍ പുറത്തുവിട്ടതോടെ മാണിയെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല തന്നെ രംഗത്തിറങ്ങി. പോലീസ് സുരക്ഷയും അകമ്പടി വാഹനവും ഒഴിവാക്കി ഔദ്യോഗിക വസതിയിലെത്തി മാണിയെ കണ്ട് കേസെടുക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. അതേസമയം, അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരില്‍ðകെ എം മാണി രാജിവെക്കേണ്ടതില്ലെന്ന് കേരളാകോണ്‍ഗ്രസ് എം എല്‍ എമാരുടെ യോഗം തീരുമാനിച്ചു.ï ആരോപണത്തേയും അതിന്റെ പേരില്‍ നടക്കുന്ന സമരങ്ങളേയും കേരളകോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും.
ഒരു ബാര്‍ഹോട്ടല്‍ð ഉടമ ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ പേരില്‍ð പ്രതിപക്ഷം നടത്തുന്നó പ്രക്ഷോഭം കേരളത്തിലെ പ്രബുദ്ധജനത അവജ്ഞതയോടെ തള്ളിക്കളയും. പ്രതിപക്ഷത്തിന്റെ രാജിയാവശ്യത്തെ നിയമസഭയില്‍ യു ഡി എഫ് ഒറ്റക്കെട്ടായാണ് പ്രതിരോധിച്ചത്. ആരോപണത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് പാര്‍ട്ടി രൂപം നല്‍കിയ കമ്മീഷന്‍ പ്രശ്‌നം പരിശോധിച്ചുവരികയാണെനന്നും കൃത്യമായ നിഗമനത്തില്‍ കമ്മീഷന്‍ എത്തിയിട്ടില്ലെന്നും സി എഫ് തോമസ് പറഞ്ഞു.

ALSO READ  ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫില്‍ നിന്ന് പുറത്താക്കി