അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കണമെന്ന് യു പി ഗവര്‍ണര്‍

Posted on: December 12, 2014 12:18 pm | Last updated: December 13, 2014 at 10:11 am

Ram_Naik_AFPന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് പൊളിച്ച സ്ഥലത്തു തന്നെ അയോധ്യ ക്ഷേത്രം ഉടന്‍ നിര്‍മിക്കണമെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്. ആഗ്രയിലെ കൂട്ട മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രതിഷേധം കത്തിനില്‍ക്കെയാണ് എരിതീയില്‍ എണ്ണയൊഴിച്ച് ഗവര്‍ണറുടെ പ്രസ്താവന. ഇന്ത്യയിലെ ജനങ്ങളുടെ ആഗ്രഹമനുസരിച്ച് രാമക്ഷേത്രം നിര്‍മിക്കണം. അത് ഇനിയും വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് ഫൈസാബാദിലെ അവധ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ രാം നായിക് പറഞ്ഞു. കഴിഞ്ഞ മാസം അയോധ്യ സന്ദര്‍ശിച്ച രാം നായിക്, നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന അഞ്ച് വര്‍ഷത്തിനകം രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, പ്രസ്താവനയെ പിന്തുണച്ച് ബി ജെ പിയും ആര്‍ എസ് എസും ശിവസേനയും രംഗത്തെത്തി. രാമന്റെ ജന്മസ്ഥലത്ത് തന്നെ രാമക്ഷേത്രം വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും ഗവര്‍ണറുടെ പ്രസ്താവനയില്‍ യാതൊരു തെറ്റുമില്ലെന്നും ബി ജെ പി നേതാവ് വിജയ് ബഹാദൂര്‍ പറഞ്ഞു. രാമക്ഷേത്ര പ്രസ്ഥാനത്തില്‍ നേരത്തെ സജീവമായി പങ്കെടുത്തയാളാണ് ഗവര്‍ണര്‍ രാം നായിക്കെന്നും ഇപ്പോള്‍ അത് നിര്‍മിക്കാന്‍ നല്ല അവസരമാണെന്നും ആര്‍ എസ് എസ് നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. ഗവര്‍ണറുടെ പ്രസ്താവനയില്‍ ഭരണഘടനാവിരുദ്ധമായി ഒന്നും കാണുന്നില്ലെന്നും രാമക്ഷേത്രം നിര്‍മിക്കുകയെന്നത് ദീര്‍ഘനാളത്തെ വാഗ്ദാനമാണെന്നും ശിവസേനാ എം പി അരവിന്ദ് സാവന്ദ് പ്രതികരിച്ചു. ബി ജെ പി മുന്‍ എം പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ രാം നായിക് കഴിഞ്ഞ ജൂലൈയിലാണ് യു പി ഗവര്‍ണര്‍ സ്ഥാനത്ത് അവരോധിക്കപ്പെട്ടത്.
ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയില്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, എന്‍ സി പി, ജനതാദള്‍ യു പാര്‍ട്ടികള്‍ രംഗത്തുവന്നു. ബി ജെ പിയുടെ നാവായി പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണറെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി പ്രതികരിച്ചു. ഗവര്‍ണറുടെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ നടത്തിയ ഈ പ്രസ്താവന എതിര്‍ക്കപ്പെടേണ്ടതാണെന്ന് എന്‍ സി പി നേതാവ് താരിഖ് അന്‍വര്‍ പ്രതികരിച്ചു. വിവാദ പ്രസ്താവന നടത്തിയ ഗവര്‍ണര്‍ രാജിവെക്കണമെന്ന് ജനതാദള്‍ യു ആവശ്യപ്പെട്ടു. രാജിവെക്കാത്തപക്ഷം രാഷ്ട്രപതിയോട് ഗവര്‍ണറെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമെന്ന് ജെ ഡി യു നേതാവ് കെ സി ത്യാഗി പറഞ്ഞു.