Connect with us

Kozhikode

മലയോരത്തിന് സ്വര്‍ണക്കൊയ്ത്ത്

Published

|

Last Updated

താമരശ്ശേരി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജില്ലയുടെ മലയോരത്തിന് സ്വര്‍ണക്കൊയ്ത്ത്. ഒമ്പത് സ്വര്‍ണവും ആറ് വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 21 മെഡലുകളാണ് ജില്ലയുടെ മലയോരം സ്വന്തമാക്കിയത്. പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മെഡല്‍ നിലയില്‍ സംസ്ഥാനത്ത് ആറാം സ്ഥാനത്തെത്തി. ആറ് സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 41 പോയിന്റാണ് നേടിയത്. 2012 ലെ സംസ്ഥാന കായിക മേളയില്‍ പത്താം സ്ഥാനവും 2013 ല്‍ ഏഴാം സ്ഥാനവും ഇവര്‍ കരസ്ഥമാക്കിയിരുന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംമ്പില്‍ വിനിജ വിജയന്‍ സ്വര്‍ണം നേടിയാണ് ആദ്യ ദിനം മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. ട്രിപ്പിള്‍ ജംമ്പിലും വിനിജ വിജയന്‍ സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലും 800 മീറ്ററിലും സ്വര്‍ണവും 400 മീറ്ററില്‍ വെങ്കലവും നേടി തെരേസ ജോസഫ് മികച്ച പ്രകടനം കാഴ്ച വെച്ചു. ദേശീയ റെക്കോര്‍ഡ് പിന്തള്ളി സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 80മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയ് സ്വര്‍ണം നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ അപര്‍ണ വെങ്കലവും കരസ്ഥമാക്കി.
സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോ മീറ്റര്‍ നടത്തത്തിലാണ് കെ ആര്‍ സുജിത് സ്വര്‍ണം നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയിലും ഷോട്ട്പുട്ടിലും മരിയ തോമസ് വെള്ളി മെഡല്‍ നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്‌സരത്തില്‍ മരിയ സ്റ്റാന്‍ലിയും ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംമ്പില്‍ ലിസ്ബത്ത് കരോളിന്‍ ജോസഫും വെങ്കലം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 22 പോയിന്റു നേടി പുല്ലൂരാംപാറ രണ്ടാം സ്ഥാനത്തെത്തി.
കോടഞ്ചേരി നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും വെങ്കലവും നേടി 28 പോയിന്റ് കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ ഇവര്‍ക്ക് എട്ടാം സ്ഥാനമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ താരം കെ ആര്‍ ആതിര റെക്കോര്‍ഡോടെ ഇരട്ട സ്വര്‍ണം നേടിയതാണ് മലയോരത്തിന് ഇരട്ടി സന്തോഷം നല്‍കുന്നത്.

---- facebook comment plugin here -----

Latest