ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ച സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

Posted on: December 12, 2014 9:22 am | Last updated: December 12, 2014 at 9:22 am

പാലക്കാട്: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
കൊപ്പം മാണിയംകാട് വീട്ടില്‍ കൃഷ്ണദാസ്(39), വടക്കന്തറ ശെല്‍വി നഗറില്‍ ഗിരീഷ്(34) എന്നിവരെയാണ് സി.ഐ ആര്‍. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മാട്ടുമന്ത ചൊളോട് ഗുരുവായൂരപ്പന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് പ്രതികള്‍ തീവച്ച് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൃഷ്ണദാസും ഗുരുവായൂരപ്പനും കച്ചവടത്തില്‍ പങ്കാളികളായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വൈരാഗ്യം തീര്‍ക്കുന്നതിനാണ് ഗിരീഷിനെയും കൂട്ടുപിടിച്ച് ഗുരുവായൂരപ്പന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്രോള്‍ ഒഴിച്ച് തീവച്ചത്.
ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന നോര്‍ത്ത് പോലീസിന്റെ അവസരോചിത ഇടപെടലിലാണ് പ്രതികള്‍ ഉടന്‍ വലയിലായത്. നോര്‍ത്ത് എസ് ഐ എം സുജിത്, എ എസ് ഐ പൊന്നുക്കുട്ടി, സി പി ഒ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കൃഷ്ണദാസും ഗിരീഷും നിരവധി കേസുകളിലെ പ്രതികളാണ്.