Connect with us

Palakkad

പഞ്ചായത്ത്-മുനിസിപ്പാലിറ്റി വഴി മണലിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 16 മുതല്‍

Published

|

Last Updated

പാലക്കാട്: പഞ്ചായത്ത്-മുനിസിപ്പാലിറ്റി വഴി മണലിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 16ന് രാവിലെ 11 ന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ രാമചന്ദ്രന്‍ അറിയിച്ചു.
ഗൃഹനിര്‍മ്മാണത്തിനുള്ള മണലിനുള്ള അപേക്ഷകള്‍ പഞ്ചായത്ത്-മുനിസിപ്പാലിറ്റി വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പുതിയ അപേക്ഷകര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ബില്‍ഡിംഗ് പെര്‍മിറ്റ്, അംഗീകരിച്ച സ്‌കെച്ച്-പ്ലാന്‍ മണലിന്റെ ആവശ്യകത തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം നല്‍കണം. ഒരു തവണ പഞ്ചായത്തില്‍ നിന്ന് ടോക്കണ്‍ ലഭിച്ച് അത് ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്ക് മാത്രം ആധാര്‍ കാര്‍ഡ് ഉപയോഗപ്പെടുത്താം.
2009 ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഇതുവരെ ഒരിക്കലെങ്കിലും മണല്‍ ലഭിച്ചിട്ടുള്ളവര്‍ പഴയ രശീതി സഹിതം വെള്ളപേപ്പറില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷകര്‍ നിര്‍ബന്ധമായും മൊബൈല്‍ നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. മണല്‍ അനുവദിക്കുന്നതിനായി ആവശ്യമുള്ള രേഖകള്‍ പഞ്ചായത്ത് സെക്രട്ടറി പരിശോധിച്ച് സാധുത ഉറപ്പു വരുത്തണം. കടവുള്ള പഞ്ചായത്തുകളിലെ ഉപഭോക്തക്കള്‍ക്ക് ആ പഞ്ചായത്തിലെ കടവുകളില്‍ നിന്നു മാത്രമേ മണല്‍ ലഭ്യമാകൂ.
മണലിനായി രജിസ്റ്റര്‍ ചെയ്യുവാനായി അപേക്ഷകര്‍ ഐഡന്റിറ്റി കാര്‍ഡ് കോപ്പി ഹാജരാക്കണം 22 മുതല്‍ കൗണ്ടറുകളില്‍ തുക അടക്കാം. അപേക്ഷകര്‍ ടോക്കണ്‍ 20നകംപഞ്ചായത്തില്‍ നിന്നും വാങ്ങണം. ടോക്കണ്‍ മറ്റൊരു തീയതിയിലേക്ക് മാറ്റികൊടുക്കുന്നതല്ല. ടോക്കണ്‍ ലഭിച്ച അപേക്ഷകന്‍ അതില്‍ പരാമര്‍ശിക്കുന്ന ദിവസം നിര്‍ദ്ദിഷ്ട കൗണ്ടറില്‍ ടോക്കണ്‍, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍കാര്‍ഡ്/ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. മണല്‍ കയറ്റുകൂലിയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് കാരണം 10 ടണ്ണിന് 5460 രൂപയും അഞ്ച് ടണ്ണിന് 2790 രൂപയുമാണ് പുതുക്കിയ നിരക്ക്.
കൗണ്ടറില്‍ ഹാജരാകുന്ന സമയത്ത് ഉപഭോക്താക്കള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇതിനു പുറമെ കടവുകളില്‍ അധികം തുക നല്‍കേണ്ടതില്ല. ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ മീറ്റന കടവില്‍ നിന്ന് മണല്‍ ലഭിക്കുന്നതിന് 2013 ഒക്‌ടോബര്‍ മുതല്‍ പാസ്സ് ലഭിച്ച് മണല്‍ ലഭിക്കാത്തവര്‍ വീണ്ടും അതാത് പഞ്ചായത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. അത്തരത്തിലുള്ളവര്‍ക്ക് അതാത് പഞ്ചായത്ത് സെക്രട്ടറിമാര്‍ മുന്‍ഗണന നല്‍കും. അത്തരത്തില്‍ ലഭിക്കുന്ന ടോക്കണുമായി ഗുണഭോക്താക്കള്‍ അതാത് കൗണ്ടറുകളില്‍ എത്തിയാല്‍ മുന്‍പ് അടച്ച തുക അഡ്ജസ്റ്റ് ചെയ്ത് മറ്റു കടവുകളിലേക്ക് പാസ്സ് അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Latest