Connect with us

Wayanad

ഗതാഗതസ്വപ്‌നം സാക്ഷാത്കരിച്ച് ഐസി കടവ്, നിരവില്‍പുഴ പാലങ്ങള്‍

Published

|

Last Updated

വെള്ളമുണ്ട: വടക്കേ വയനാടിന്റെ ഗതാഗത സ്വപ്‌നങ്ങള്‍ക്ക് ഉണര്‍വേകി ഐസി കടവ് പാലവും നിരവില്‍പ്പുഴ പാലവും യാഥാര്‍ഥ്യമാകുന്നു. സമയബന്ധിതമായി പൂര്‍ത്തികരിച്ച ഈ പാലങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കണ്ണൂര്‍-വയനാട്- കോഴിക്കോട് ജില്ലകളിലേക്ക് വേഗത്തില്‍ എത്തി ചേരാനുള്ള യാത്രാസൗകര്യമൊരുങ്ങുന്നു.
നബാര്‍ഡ് അനുവദിച്ച 9 കോടി രൂപ മുതല്‍മുടക്കില്‍ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ഐ സി കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് . പാലവും റോഡും ഉള്‍പ്പെടെയുള്ള രണ്ടര കിലോ മീറ്ററാണ് പദ്ധതി പ്രകാരം നിര്‍മ്മിച്ചിരിക്കുന്നത്.
തവിഞ്ഞാല്‍- തൊണ്ടര്‍നാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഐ സി കടവ് പാലം പ്രവര്‍ത്തനക്ഷമമാകുന്നതോടെ കണ്ണൂര്‍, പേര്യ, തലപ്പുഴ ഭാഗങ്ങളില്‍ നിന്ന് കുറ്റിയാടി, വെള്ളമുണ്ട, നിരവില്‍പ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാസമയം കുറയും.
മഴക്കാലമാകുന്നതോടെ വയനാട്- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കാന്‍ കഴിയാത്ത വിധം വെള്ളത്തിനടിയിലാകുമായിരുന്ന പാലത്തിന്റെ ദയനീയാവസ്ഥയ്ക്ക് പരിഹാരമായാണ് മാനന്തവാടി- പക്രന്തളം റോഡില്‍ പണിത നരവില്‍പ്പുഴ പാലം. അഞ്ച് കോടി രൂപ ചെലവഴിച്ച് ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഈ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 40 മീറ്റര്‍ നീളവും 11.02 മീറ്റര്‍ വീതിയുമുള്ളതാണ് പുതിയ പാലം.സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഇരു പാലങ്ങളിലും കൈവരികളും സുരക്ഷാഭിത്തിയും ഹാര്‍ഡ് സ്റ്റോണ്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഐസി കടവ്, നിരവില്‍പ്പുഴ എന്നീ പാലങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ ഏറെ നാളുകളായി ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് വിരാമമാകും.

Latest