Connect with us

Eranakulam

ബെംഗളൂരു സ്‌ഫോടനക്കേസ്;എന്‍ ഐ എക്ക് വിട്ടതിന് പിന്നില്‍ ഒളി അജന്‍ഡ

Published

|

Last Updated

കൊച്ചി: ബെംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ പരപ്പന അഗ്രഹാരയിലെ പ്രത്യേക കോടതിയില്‍ നിന്ന് എന്‍ ഐ എ സ്‌പെഷ്യല്‍ കോടതിയിലേക്ക് മാറ്റിയതിലൂടെ വെളിച്ചത്തായത്് അബ്ദുന്നാസര്‍ മഅ്ദനിയുടെ മോചനം വൈകിക്കുകയെന്ന കര്‍ണാടക സര്‍ക്കാറിന്റെ ഒളിഅജന്‍ഡ.

നാല് മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം പാലിക്കുന്നതിന് വിചാരണ നടപടികള്‍ പ്രത്യേക കോടതി ജഡ്ജി ബസവരാജു ത്വരിതപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ,് യു എ പി എ ചുമത്തിയിട്ടുള്ളതിനാല്‍ ഉയര്‍ന്ന കോടതിയില്‍ മാത്രമേ കേസ് വിചാരണ ചെയ്യാന്‍ കഴിയൂ എന്ന വാദം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷമായി ബെംഗളൂരുവില്‍ എന്‍ ഐ എ കോടതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേസ് എന്‍ ഐ എ കോടതിയിലേക്ക് മാറ്റണമെന്ന് ഇക്കാലമത്രയും ആവശ്യപ്പെടാതിരുന്ന പ്രോസിക്യൂഷന്‍ വിചാരണ തീരുന്ന ഘട്ടത്തില്‍ ഈ ആവശ്യമുന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
രണ്ട് കാരണങ്ങളാണ് കേസ് എന്‍ ഐ എ കോടതിയിലേക്ക് മാറ്റിയതിന് പറയപ്പെടുന്നത്. നിലവില്‍ കേസ് വിചാരണ നടത്തുന്ന സെഷന്‍സ് ജഡ്ജി ജി ബസവരാജുവിന് പ്രോസിക്യൂഷന്റെ കള്ളക്കളികള്‍ സംശയരഹിതമായി ബോധ്യപ്പെട്ടിരുന്നതിനാല്‍ അദ്ദേഹത്തില്‍ നിന്ന് അനുകൂല വിധി ഉണ്ടാകില്ലെന്ന ഭീതിയാണ് ഇതില്‍ പ്രധാനം. കള്ളസാക്ഷികളെ ഹാജരാക്കി മഅ്ദനിക്കെതിരെ തെളിവുണ്ടാക്കാനുള്ള പ്രോസിക്യൂഷന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടിരുന്നു.
സാക്ഷികളെ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ ജഡ്ജി പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. മഅ്ദനി കുടകില്‍ ഗൂഢാലോചനയില്‍ പങ്കെടുക്കാന്‍ എത്തിയതിന് സാക്ഷികളായവരെന്ന് പറഞ്ഞ് ഹാജരാക്കിയവര്‍ ഇതുമായി ഒരു ബന്ധവുമില്ലാത്തവരാണെന്ന് വിചാരണയില്‍ വ്യക്തമായിരുന്നു. മഅ്ദനിക്കെതിരെ ഹാജരാക്കിയ മലയാളികളുടെ സാക്ഷി മൊഴികളും പോലീസിന്റെ ഭാവനാവിലാസമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കേസില്‍ അന്തിമ വിധി വരുമ്പോള്‍ മഅദ്‌നിയെ വെറുതെ വിടുമോയെന്നും നിരപരാധിയെ ഇത്രയും കാലം ജയിലിലടച്ചതിനും കള്ളത്തെളിവ് ചമച്ചതിനും വിമര്‍ശിക്കപ്പെടുമോയെന്നുമുള്ള ആശങ്കയാണ് കര്‍ണാടക പോലീസിനെയും സര്‍ക്കാറിനെയും വേട്ടയാടുന്നത്. ജഡ്ജി ബസവരാജുവിന്റെ ഇതുവരെയുള്ള നിലപാടുകളില്‍ നിന്ന് അന്തിമ വിധിയുടെ സ്വഭാവം ഊഹിച്ചെടുക്കുന്നതിനാലാണോ പുതിയ നീക്കമെന്നും നിയമവൃത്തങ്ങള്‍ സംശയിക്കുന്നു.
കേസിന്റെ വിചാരണ നാല് മാസത്തിനകം തീര്‍ക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബാക്കിയുള്ള സാക്ഷികളുടെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് ഇവര്‍ക്കെല്ലാം ജഡ്ജി ബസവരാജു സമന്‍സ് പുറപ്പെടുവിച്ചിരുന്നു. എന്തു സംഭവിച്ചാലും കേസിന്റെ വിചാരണ നാല് മാസത്തിനകം തീര്‍ക്കുമെന്ന് ജഡ്ജി പ്രോസിക്യൂട്ടറോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നാല് മാസത്തിനകം വിചാരണ തീര്‍ക്കാമെന്ന് സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയ പ്രോസിക്യൂഷന്‍ പുതിയൊരു അട്ടിമറി നീക്കത്തിന് കരുനീക്കം നടത്തിയത്. യു എ പി എ നിയമം ചുമത്തിയിട്ടുള്ളതിനാല്‍ സ്‌ഫോടനക്കേസ് വിചാരണ നടത്താനുള്ള അധികാരം പരപ്പന അഗ്രഹാരയിലെ കോടതിക്കില്ല എന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ ആദ്യഘട്ടത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. അന്ന് എന്‍ ഐ എ ഈ നിലപാടിനോട് വിയോജിക്കുകയാണ് ചെയ്തത്. പ്രത്യേക കോടതിക്ക് വിചാരണ നടത്താന്‍ അധികാരമുണ്ടെന്ന് ജഡ്ജി അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. വിചാരണയുടെ അന്തിമ ഘട്ടത്തില്‍ ഈ നിലപാടില്‍ നിന്ന് അവര്‍ തകിടം മറിഞ്ഞതിന് പിന്നില്‍ കള്ളക്കളിയുണ്ടെന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ കരുതുന്നു. എന്‍ ഐ എ കോടതിയില്‍ കേസിന്റെ തുടര്‍വിചാരണയായിരിക്കുമോ പുനര്‍വിചാരണയാകുമോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. പ്രത്യേക കോടതിയില്‍ ഇതുവരെ നടന്ന വിചാരണയില്‍ തെളിവുകളെല്ലാം രേഖപ്പെടുത്തിവെച്ചിട്ടുള്ളതുകൊണ്ടു തന്നെ പുനര്‍വിചാരണക്ക് വകുപ്പില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.
നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം കോടതി മാറിയതു കൊണ്ട് അപ്രസക്തമാകുന്നില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കാന്‍ എന്‍ ഐ എ കോടതിക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ എന്‍ ഐ എ കോടതി ജഡ്ജി എടുക്കുന്ന നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. അതുകൊണ്ടു തന്നെ വിചാരണ എന്‍ ഐ എ കോടതിയിലേക്ക് മാറ്റിയതിനെ മേല്‍കോടതിയില്‍ ചോദ്യം ചെയ്യുന്ന കാര്യം മഅ്ദനിയുടെ അഭിഭാഷകര്‍ സജീവമായി പരിഗണിക്കുന്നുണ്ട്. ഇന്ന് കോടതി ഉത്തരവ് കൈപ്പറ്റിയ ശേഷം ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അവര്‍ പറഞ്ഞു.

സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള കുതന്ത്രം: പി ഡി പി

കൊച്ചി: ബെംഗളൂരു സഫോടനക്കേസിന്റെ തുടര്‍ വിചാരണ എന്‍ ഐ എക്ക് കൈമാറിയ കര്‍ണാടക സര്‍ക്കാര്‍ നടപടി സുപ്രീം കോടതി വിധി മറികടക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണെന്ന് പി ഡി പി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. വിചാരണയുടെ ആദ്യഘട്ടത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനി സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും നല്‍കിയ ഡിസ്ചാര്‍ജ് പെറ്റീഷനുകളില്‍ സ്‌ഫോടനക്കേസ് വിചാരണ നടത്താനുള്ള അധികാരം പരപ്പന അഗ്രഹാരയിലെ കോടതിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയിരുന്നതാണ്. അന്നൊന്നും കോടതി മാറ്റത്തിന് തയ്യാറാകാതിരുന്ന സര്‍ക്കാര്‍ സുപ്രീം കോടതി ഉത്തരവിനെ തന്ത്രപൂര്‍വം മറികടക്കാനും നിരപരാധികളെ വീണ്ടും ദീര്‍ഘകാലം ജയില്‍ വാസത്തിലേക്ക് തള്ളിവിടാനും നടത്തുന്ന നീക്കങ്ങള്‍ ക്രൂരവും മനുഷ്യാവകാശലംഘനവുമാണ്. കര്‍ണാടക സര്‍ക്കാറിന്റെ ഭരണകൂട ഭീകരതക്കെതിരെ മുഴുവന്‍ പൗരാവകാശ പ്രവര്‍ത്തകരുടെയും ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest