Ongoing News
മാണി രാജിവെക്കേണ്ടതില്ല, കേസെടുത്തത് കോടതി വിധിയനുസരിച്ച്: ചെന്നിത്തല

തിരുവനന്തപുരം: സുപ്രീം കോടതിയുടെയും ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തിലാണ് ബാര്‍ കോഴ കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ക്വിക്ക് വെരിഫിക്കേഷനില്‍ മാണി കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം വിജിലന്‍സ് പരിശോധിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ മാണി രാജിവെക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ എടുക്കണോ വേണ്ടയോ എന്ന കാര്യം മാത്രമാണ് പരിശോധനക്ക് വിധേയമാക്കിയത്. ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് 2013 നവംബര്‍ 13ലെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.
പ്രാഥമികാന്വേഷണത്തില്‍ പോലീസിന് നേരിട്ട് എടുക്കാവുന്ന കുറ്റം വെളിപ്പെട്ടാല്‍ ഉടന്‍ തന്നെ എഫ് ഐ ആര്‍ എടുക്കണമെന്നാണ് ഭരണഘടനാ ബഞ്ച് വിധിച്ചിട്ടുള്ളത്. പ്രാഥമികാന്വേഷണത്തിന്റെ ഉദ്ദേശ്യം അന്വേഷണ ഉദ്യോഗസ്ഥന് കിട്ടിയ വിവരം സത്യസന്ധമാണോ കളവാണോ എന്ന് പരിശോധിക്കലല്ല എന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെങ്കില്‍ പോലും മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ എടുക്കണമെന്നാണ് വ്യവസ്ഥ. ആരോപണങ്ങളുടെ നിജസ്ഥിതി എഫ് ഐ ആര്‍ എടുത്ത് അന്വേഷണം പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ വെളിപ്പെടുകയുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.