Connect with us

Ongoing News

ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി; പ്രതിമാസ വാടക നല്‍കി ഭൂമിയേറ്റെടുക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പകരം പ്രതിമാസ വാടക നല്‍കുന്ന പാക്കേജ് തയ്യാറാക്കുന്നു. ശക്തമായ പ്രതിഷേധം മൂലം ഭൂമി ഏറ്റെടുക്കല്‍ തടസ്സപ്പെടുന്ന സാഹചര്യത്തിലാണിത്. ചെറുകിട ഭൂ ഉടമകളെ ലക്ഷ്യമിട്ടാണ് ഈ പാക്കേജ്. വാടക നിശ്ചയിച്ച് ഭൂ ഉടമകളുമായി കരാറുണ്ടാക്കും.

കൊച്ചി സിറ്റി ഗ്യാസ് പദ്ധതി വഴി ഉടന്‍ പ്രകൃതി വാതക വിതരണം തുടങ്ങും. വിതരണത്തിനുള്ള ലൈസന്‍സ് ലഭ്യമാക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണ്. ഇതിന്റെ പ്രവര്‍ത്തനം പൈപ്പിടുന്ന പ്രദേശങ്ങളിലുള്ളവരെ കാണിച്ച് അവരുടെ ആശങ്ക അകറ്റാനാണ് നീക്കം. ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് പദ്ധതിക്ക് തടസ്സം. ഭൂമിയുടെ വിനിയോഗാവകാശം മാത്രം ഗെയിലിന് നല്‍കിയാല്‍ മതി. ഇതിന് ന്യായ വിലയുടെ 50 ശതമാനം നഷ്ടപരിഹാരം നല്‍കും. ഇത് സ്വീകാര്യമല്ലാത്തവര്‍ക്കാണ് പ്രതിമാസ വാടക നല്‍കുന്ന പാക്കേജ്. ഏത് രീതിയാണെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂ ഉടമകള്‍ക്ക് തന്നെയാകും. മറ്റു സംസ്ഥാനങ്ങളില്‍ 20 മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കിലും കേരളത്തില്‍ പത്ത് മീറ്ററായി കുറച്ചിട്ടുണ്ട്. പ്രദേശിക തലത്തില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കും.
ജനവാസ കേന്ദ്രങ്ങള്‍ പരമാവധി ഒഴിവാക്കിയിട്ടുണ്ടെന്നും ഇനിയും വലിയ രീതിയില്‍ അലൈന്‍മെന്റ് മാറ്റാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൈപ്പ് ലൈന്‍ ഇടുന്നതിന് നല്‍കിയ ടെന്‍ഡര്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാലുടന്‍ പുതിയ ടെന്‍ഡര്‍ വിളിക്കാമെന്ന് ഗെയില്‍ അറിയിച്ചിട്ടുണ്ട്. പുതുവൈപ്പിനിലെ എല്‍ എന്‍ ജി ടാങ്ക് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത് സംസ്ഥാന താത്പര്യം പരിഗണിച്ചാകണമെന്ന് ഗെയിലിനെ അറിയിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ ഇന്ന് ഡല്‍ഹിക്ക് പോകുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നല്‍കി.
നിയമസഭ കഴിഞ്ഞാലുടന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് യോഗം ചേരും. കനോലി കനാല്‍ വഴി പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചെങ്കിലും കഴിയില്ലെന്നാണ് ഇതേക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഭൂമിക്ക് അടിയിലുള്ള ബോംബ് ആണെന്ന് പറഞ്ഞ് പദ്ധതിക്കെതിരെ ജനങ്ങളെ ഇളക്കി വിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. മനഃപൂര്‍വം ഭീതി സൃഷ്ടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കാര്യമായ എതിര്‍പ്പുള്ളതെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി ഒടുവില്‍ വിളിച്ച യോഗത്തില്‍ ജനപ്രതിനിധികളെല്ലാം പദ്ധതിയോട് സഹകരിക്കാമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സ്ഥലമേറ്റെടുപ്പ് നടക്കാത്തത് മൂലം പദ്ധതി കേരളത്തിന് നഷ്ടപ്പെടുന്ന സാഹചര്യമാണെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ എസ് ശര്‍മ ചൂണ്ടിക്കാട്ടി. പൈപ്പ് ഇടുന്നതിനായി അഞ്ച് കമ്പനികള്‍ക്ക് നല്‍കിയ ടെന്‍ഡര്‍ ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഒന്നര ലക്ഷം ക്യുബിക് ശേഷിയുള്ള പുതുവൈപ്പിനിലെ രണ്ട് എല്‍ എന്‍ ജി സംഭരണ ടാങ്ക് സ്വകാര്യകമ്പനികള്‍ക്ക് കൈമാറാന്‍ ഗെയില്‍ ആഗോള ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്. കുത്തകകള്‍ ഉള്‍പ്പെടെ 18 കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ട്.
കേരളത്തിന് ഇതിന്റെ ഗുണം ലഭിക്കാത്ത സാഹചര്യം വരികയാണ്. ആഗോള വിപണിയില്‍ എല്‍ എന്‍ ജി വില കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതിയിലൂടെ കഴിയും. എല്‍ എന്‍ ജി, സി എന്‍ ജിയാക്കി മാറ്റിയാല്‍ കെ എസ് ആര്‍ ടി സിയില്‍ ഉപയോഗിച്ച് കോര്‍പറേഷന്റെ പ്രതിസന്ധിയും മറികടക്കാമെന്നും ശര്‍മ പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിനായി നടക്കുന്ന ചര്‍ച്ചകളിലെ തീരുമാനം നടപ്പാക്കത്തതാണ് പദ്ധതി വൈകുന്നതിന് കാരണമെന്ന് എ കെ ബാലന്‍ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര പാക്കേജ് ഉയര്‍ത്തണമെന്ന് ഇ പി ജയരാജനും ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്ന് ഉമര്‍ മാസ്റ്ററും ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാന്‍ പിന്തുണ വാഗ്ദാനം ചെയ്ത പ്രതിപക്ഷം ഇറങ്ങിപോക്ക് ഒഴിവാക്കി.