Connect with us

Ongoing News

നഷ്ടപ്പെട്ട സി പി ഐയുടെ 'അഭിമാനവും' ചില ഗുണ്ടാചിന്തകളും

Published

|

Last Updated

തിരുവനന്തപുരം: പാര്‍ലിമെന്റ് സീറ്റ് “വിറ്റ” വകയില്‍ ഉമ്മന്‍ചാണ്ടി കൊടുത്തതെല്ലാം ബുധനാഴ്ച തന്നെ സി പി ഐക്കാര്‍ വരവ് വെച്ചതാണ്. ഒരു ദിവസം പിന്നിട്ടപ്പോഴാണ് കിട്ടിയതത്ര നല്ല സാധനമല്ലെന്ന് തോന്നലുണ്ടായത്. കിട്ടിയതും വാങ്ങി എം എന്‍ സ്മാരകത്തിലെത്തിയപ്പോള്‍ വലിയ സഖാക്കള്‍ ചൊടിച്ചതാണ് കാരണമെന്നും കേള്‍വിയുണ്ട്. എന്തായാലും അണുവിട വിട്ടുവീഴ്ചക്കില്ലെന്ന മട്ടിലായിരുന്നു ഇന്നലെ സി പി ഐക്കാര്‍. സീറ്റു കച്ചവടം നടത്തിയെന്ന പരാമര്‍ശം പിന്‍വലിക്കണമെന്നും രേഖയില്‍ നിന്ന് നീക്കണമെന്നും സി ദിവാകരന്‍ മിനിമം ഡിമാന്‍ഡ് മുന്നോട്ടുവെച്ചു. അടിയന്തര പ്രമേയ നോട്ടീസിന് ശേഷം പരിഗണിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചട്ടം പറഞ്ഞെങ്കിലും അംഗീകരിച്ചില്ല. സി പി ഐക്ക് എന്തൊക്കെയോ നഷ്ടപ്പെട്ട് 24 മണിക്കൂര്‍ പിന്നിട്ട സാഹചര്യത്തില്‍ പ്രശ്‌നപരിഹാര ക്രിയകള്‍ അടിയന്തരമായി വേണമെന്ന് സി പി ഐ സഖാക്കള്‍ കട്ടായം പറഞ്ഞു. അതുവരെ മിണ്ടാതിരുന്ന സി പി എമ്മും വിഷയത്തില്‍ ഇടപെട്ടു. മുഖ്യമന്ത്രി തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപമാനിച്ചത് ശരിയല്ലെന്നും രേഖയില്‍ നിന്ന് നീക്കി പ്രശ്‌നം പരിഹരിക്കണമെന്നും കോടിയേരി നിര്‍ദേശിച്ചു. പാര്‍ട്ടിയെ പറഞ്ഞാല്‍ പൊള്ളുമെന്ന മട്ടിലായിരുന്നു സി ദിവാകരന്‍. (ഒരു ദിവസം കഴിഞ്ഞപ്പോഴാണ് പൊള്ളിയത്) “മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ എന്തും പറയാം. ഞങ്ങള്‍ കേട്ടിരിക്കും. ഭരണത്തിലെ അഴിമതി പറയുമ്പോള്‍ എന്ത് അനാവശ്യവും വിളിച്ചു പറഞ്ഞാല്‍ കേട്ടിരിക്കില്ല.” ദിവാകരന്‍ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ചയില്‍ വി എസ് സുനില്‍കുമാര്‍ ഉയര്‍ത്തിയ വിഷയങ്ങളിലേക്ക് സീറ്റ് വില്‍പ്പനയും സ്വാഭാവികമായി ഉയര്‍ന്നതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ആരേയും വേദനിപ്പിക്കാന്‍ മുഖ്യമന്ത്രി ഉദ്ദേശിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ ഖേദവും പറഞ്ഞു.
ഖേദം കൊണ്ട് തീരില്ലെന്നും രേഖയില്‍ നിന്ന് നീക്കണമെന്നുമായി സി പി ഐ. ഒരു ദിവസം മുമ്പ് രേഖയില്‍ പതിഞ്ഞതിനാലും മാധ്യമങ്ങളെല്ലാം അത് വാര്‍ത്തയാക്കിയതിനാലും ഇനി നീക്കുന്നതില്‍ കാര്യമില്ലെന്നായി ഡെപ്യൂട്ടി സ്പീക്കര്‍. പറഞ്ഞതിനൊപ്പം ഖേദവും രേഖയില്‍ കിടക്കുമെന്നും ശക്തന്‍ പറഞ്ഞു നോക്കി. എന്നാല്‍, രേഖയില്‍ നിന്ന് നീക്കിയേ പറ്റൂവെന്ന് സി പി എമ്മും നിലപാടെടുത്തതോടെ നടുത്തളത്തിലായി കാര്യങ്ങള്‍. നടപടികള്‍ നിര്‍ത്തിവെച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഇരുപക്ഷത്തേയും ചര്‍ച്ചക്ക് വിളിച്ചു. ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പ് മാത്രമുണ്ടായില്ല. പറഞ്ഞതെല്ലാം രേഖയില്‍ തുടരുന്നതിന്റെ അപമാനം ഇറക്കി വെക്കാനായി പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി പ്രതിഷേധിച്ചു.
സി പി ഐക്കെതിരെ പെയ്മന്റ് സീറ്റ് ആരോപിക്കുന്നവര്‍ ശൂരനാട് രാജശേഖരനെതിരെ സമാന ആരോപണം ഉയര്‍ന്നത് മറക്കരുതെന്ന് മുല്ലക്കര രത്‌നാകരന്‍ ഓര്‍മിപ്പിച്ചു. ഗുണ്ടാനിയമത്തിന് പ്രായം കൂടി പല്ലും നഖവും ക്ഷയിച്ചതിനാലാണ് രമേശ് ചെന്നിത്തല അതിനൊരു ഭേദഗതി കൊണ്ടുവന്നത്. ചുംബന സമരക്കാര്‍ മുതല്‍ മാവോയിസ്റ്റുകള്‍ വരെ ചര്‍ച്ചയില്‍ വന്നു പോയി. നിയമത്തിന് കുറേക്കൂടി “ടീത്ത്” നല്‍കാനാണ് ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതെന്ന് ആമുഖത്തില്‍ തന്നെ രമേശ് പറഞ്ഞു. പണം കൊടുത്താല്‍ ആരെയും കൊല്ലാമെന്നതാണ് അവസ്ഥ. നിര്‍ദാക്ഷിണ്യം ഇവയെ അടിച്ചമര്‍ത്തുമെന്നും ചെന്നിത്തലയുടെ മുന്നറിയിപ്പ്.
കുറ്റകൃത്യങ്ങളെ ശാസ്ത്രീയമായി മുല്ലക്കര രത്‌നാകരന്‍ അവലോകനം ചെയ്തു. സാമൂഹിക മണ്ഡലത്തില്‍ നിന്നാണ് കുറ്റം തുടങ്ങുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. വിദ്യകൊണ്ട് പ്രബുദ്ധരാകുകയെന്നതില്‍ നിന്ന് വിദ്യകൊണ്ട് ഡോക്ടറും എന്‍ജിനീയറുമാകുക എന്നതിലേക്കുള്ള മാറ്റം എല്ലാതലത്തിലുമുണ്ടെന്നായിരുന്നു മുല്ലക്കരയുടെ പക്ഷം. നോക്കു കൂലി കൂടി നിയമത്തിന്റെ പരിധിയില്‍പ്പെടുത്താന്‍ കെ മുരളീധരന്‍ നിര്‍ദേശിച്ചു. ചുംബന സമരത്തെ എതിര്‍ത്ത പിണറായി വിജയനോട് യോജിച്ച മുരളീധരന്‍ മാവോയിസ്റ്റുകള്‍ വരുന്നുണ്ടെന്ന മുന്നറിയിപ്പും നല്‍കി. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ അവഗണിക്കുന്നതാണ് മാവോയിസ്റ്റുകളെ വളര്‍ത്തുന്നതെന്ന് പി സി ജോര്‍ജ് പറഞ്ഞു. അടിയന്തര പ്രമേയം മൊത്തം ഗ്യാസ് ആയിരുന്നെങ്കിലും കൊണ്ടുവന്ന ശര്‍മയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയിലെ അനിശ്ചിതത്വം നീക്കണമെന്നായിരുന്നു ആവശ്യം. പദ്ധതി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന പൊതുവികാരമാണ് സഭയില്‍ രൂപപ്പെട്ടത്.

 

---- facebook comment plugin here -----

Latest