പൈതൃകം വിപാടനം ചെയ്യാനുള്ള ശ്രമം അപലപനീയം: സമസ്ത

Posted on: December 12, 2014 12:36 am | Last updated: December 11, 2014 at 11:37 pm

കോഴിക്കോട്: രാജ്യത്തിന്റെ ബഹുസ്വരതക്ക് നേരെ പരസ്യമായി ഭീഷണി ഉയര്‍ത്തിക്കൊണ്ട് വിഭാഗീയ ശക്തികള്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇന്ത്യക്ക് മഹത്തായ ചരിത്രവും പാരമ്പര്യവുമുണ്ട്. വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ ചരിത്രം തിരുത്തി എഴുതാനുള്ള ശ്രമങ്ങള്‍ അപകടകരമാണ്. നാളിതുവരെ നാം കാത്തുസൂക്ഷിച്ചുവന്ന പൈതൃകവും ചരിത്രവും പിന്‍തലമുറക്ക് പകര്‍ന്നു നല്‍കുന്നതിന് പകരം നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി വസ്തുതകളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്ന് മുശാവറ വ്യക്തമാക്കി. ആഗ്ര അടക്കമുള്ള ഉത്തരേന്ത്യന്‍ പട്ടണങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങളെ നിര്‍ബന്ധിച്ച് കൂട്ട മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള ഗൂഢനീക്കം മതേതര മൂല്യങ്ങളോടും ഇന്ത്യാരാജ്യത്തിന്റെ ഭരണഘടനയോടുമുള്ള കടുത്ത വെല്ലുവിളിയാണ്. ഇത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്താനും സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടാനും മാത്രമേ സഹായിക്കുകയുള്ളൂ.
ഭഗവത്ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന കേന്ദ്രമന്ത്രിയുടെ അഭിപ്രായപ്രകടനം അപലപനീയമാണ്. മതേതര ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണിത്. രാജ്യത്ത് വിവിധ മതവിഭാഗങ്ങള്‍ക്ക് അവരുടെ വേദഗ്രന്ഥങ്ങള്‍ ഉള്ളപ്പോള്‍ ഒരു വിഭാഗത്തിന്റെതിനു മാത്രം ദേശീയ അംഗീകാരം നല്‍കുക എന്നത് ഭരണഘടനക്ക് കടകവിരുദ്ധമാണ്. ഇത്തരം അഭിപ്രായപ്രകടനങ്ങളെ അതേപടി തള്ളിക്കളയാന്‍ എല്ലാ വിഭാഗം ജനങ്ങളും മാധ്യമങ്ങളും സര്‍ക്കാറും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് മുശാവറ അഭ്യര്‍ഥിച്ചു. ഈമാസം 18ന് ആരംഭിക്കുന്ന മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനം വിജയിപ്പിക്കാന്‍ എല്ലാ സുന്നി പ്രവര്‍ത്തകരോടും യോഗം ആഹ്വാനം ചെയ്തു.
വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, അലി മുസ്‌ലിയാര്‍ കുമരം പുത്തൂര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, കെ. ഹുസൈന്‍ മുസ്‌ലിയാര്‍, പൊന്മള മുഹ്‌യുദ്ദീന്‍ കുട്ടി ബാഖവി, ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, അബൂഹനീഫല്‍ ഫൈസി തെന്നല, പി. ഹസന്‍ മുസ്‌ലിയാര്‍ വയനാട്, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, വി പി എം ഫൈസി വില്ല്യാപ്പള്ളി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മുഖ്താര്‍ ഹസ്‌റത്ത് ചര്‍ച്ചയില്‍ പങ്കെടുത്തു.