കൈയേറ്റം: ബംഗാള്‍ ഡെപ്യൂട്ടി സ്പീക്കര്‍ വെട്ടില്‍

Posted on: December 12, 2014 12:29 am | Last updated: December 11, 2014 at 11:29 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിലെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹിയെ കൈയേറ്റം ചെയ്യുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്ത ബംഗാള്‍ ഡെപ്യൂട്ടി സ്പീക്കറും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ സോനാലി ഗുഹ വെട്ടില്‍. സി സി ടി വി ദൃശ്യം ഒരു പ്രദേശിക ചാനല്‍ പുറത്ത് വിട്ടതോടെ ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. നാഗേന്ദര്‍ റായ് ആണ് അപമാനിതനായത്. സോനാലി ഗുഹയോട് പരാതി പറയാന്‍ അവരുടെ ഫഌറ്റില്‍ ചെന്ന റായിയെ അവര്‍ ഇറക്കി വിടുകയും ലിഫ്റ്റ് ഓഫാക്കുകയുമായിരുന്നു. താനാണ് സര്‍ക്കാര്‍ എന്നും പാഠം പഠിപ്പിക്കുമെന്നും അവര്‍ ആക്രോശിക്കുന്നു. ചെരിപ്പു കൊണ്ട് അടിക്കാന്‍ ശ്രമിക്കുന്ന ദൃശ്യവും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു തൃണമൂല്‍ നേതാവ് അബു അയേഷ് മോന്‍ഡല്‍ ടോള്‍ പിരിവ് അടയ്ക്കാന്‍ ആവശ്യപ്പെട്ടതിന് ടോള്‍ ജീവനക്കാരനെ കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു.