നിയമസഭയില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം നോക്കിയിരുന്ന് ബി ജെ പി. എം എല്‍ എ

Posted on: December 12, 2014 5:27 am | Last updated: December 11, 2014 at 11:28 pm

klm- priyankaബെംഗളൂരു: ബി ജെ പി അംഗം സഭാ നടപടികള്‍ക്കിടെ പ്രിയങ്കാ ഗാന്ധിയുടെ സൂം ചെയ്ത ചിത്രം കാണുന്ന ദൃശ്യം ചാനല്‍ പുറത്ത് വിട്ടതിനെ തുടര്‍ന്ന് കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. സഭ ബഹളത്തില്‍ മുങ്ങിയതോടെ നടപടികള്‍ പല തവണ തടസ്സപ്പെട്ടു. ബി ജെ പി. എം എല്‍ എയായ പ്രഭു ചവാന്‍ സഭയില്‍ ചിത്രങ്ങള്‍ കാണുന്നത് ഒരു ചാനല്‍ പുറത്ത് വിട്ടതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്. എം എല്‍ എയുടെ പ്രവൃത്തി മാന്യതയുടെ സര്‍വ സീമകളും ലംഘിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇത്തരക്കാരെ സഭയില്‍ വെച്ച് പൊറുപ്പിക്കരുതെന്ന് കാണിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് കുതിച്ചു. പ്രിയങ്ക ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് മാത്രമല്ല സഭയുടെ മാന്യത കളഞ്ഞു കുളിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം, മറ്റൊരു ബി ജെ പി അംഗം യി ബി ബങ്കര്‍ വീഡിയോ ഗെയിം കളിക്കുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. താന്‍ പ്രിയങ്കാ ഗാന്ധിയുടെ ചിത്രം സൂം ചെയ്ത് കണ്ടുവെന്നതിന് മറ്റ് അര്‍ഥങ്ങള്‍ കല്‍പ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചിത്രത്തിന് താഴെയുള്ള മുദ്രാവാക്യം വായിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പ്രഭു ചവാന്‍ പ്രതികരിച്ചു. ‘എന്നാല്‍ ഞാന്‍ ന്യായീകരിക്കുന്നില്ല. സഭയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വന്നതും കരിമ്പ് കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ പോലുള്ള ഗൗരവതരമായ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ നോക്കിയിരുന്നതും ഗുരുതരമായ തെറ്റാണ്’ -ചവാന്‍ പറഞ്ഞു. ചവാനെതിരെ കര്‍ശന നടപടി വേണമെന്ന് നിയമ, പാര്‍ലിമെന്ററി കാര്യ മന്ത്രി ടി ബി ജയചന്ദ്ര പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാ പരമായ ശിക്ഷ വേണം. ഇവിടെ കരിവാരിത്തേക്കപ്പെട്ടത് ഈ രണ്ട് അംഗങ്ങള്‍ മാത്രമല്ല, സഭ ഒന്നാകെയാണെന്നും മന്ത്രി പറഞ്ഞു. നേരത്തേ ബി ജെ പി സര്‍ക്കാറിന്റെ കാലത്ത് ലക്ഷ്മണ്‍ സവാദിയും സി സി പാട്ടീലും സഭയിലിരുന്നു മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് ദൃശ്യസഹിതം പുറത്ത് വന്നിരുന്നു. ഇതിന് പിറകേ കൃത്യമായ നടപടികള്‍ എടുക്കാതിരുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമായിരിക്കുന്നതെന്ന് വിലയിരുത്തലുണ്ട്. സഭയില്‍ മൊബൈല്‍ കൊണ്ടു വരുന്നതിനെതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവും ബി ജെ പി നേതാവുമായ ജഗദീഷ് ഷെട്ടര്‍ ആവശ്യപ്പെട്ടു. തന്റെ പാര്‍ട്ടിയിലെ എം എല്‍ എമാരുടെ നടപടി ന്യായീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.