കൂട്ട മതപരിവര്‍ത്തനം: കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

Posted on: December 12, 2014 5:24 am | Last updated: December 11, 2014 at 11:25 pm

ലക്‌നോ: ആഗ്രയില്‍ കൂട്ട മതപരിവര്‍ത്തനം നടന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. മതപരിവര്‍ത്തനം നിര്‍ബന്ധിച്ചാണോ അല്ലെങ്കില്‍ സ്വമേധയാ ആണോ എന്നും പിന്നില്‍ പ്രവര്‍ത്തിച്ച സംഘടന ഏതാണെന്നും വ്യക്തമാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ കലക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ന്യൂനപക്ഷ കമ്മീഷനംഗം ുഹൈല്‍ അയ്യൂബ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് യാഥാര്‍ഥ്യമറിയാന്‍ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സന്ദര്‍ശനം ഏത് ദിവസമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനയായ ധര്‍മ ജാഗരണ്‍ മഞ്ചിനെതിരെയും അതിന്റെ ഉത്തര്‍പ്രദേശ് ഘടകം കണ്‍വീനര്‍ നന്ദകിഷോറിനെതിരെയും ആഗ്രാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. മുസ്‌ലിംകളെ ആഗ്രയില്‍ കൂട്ടമതപരിവര്‍ത്തനം നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ പ്രക്ഷുബ്ധമായ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതേസമയം ആഗ്രയിലെ മതപരിവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വന്‍ വിവാദത്തിനിടയാക്കിയ സാഹചര്യത്തില്‍ ഈ മാസം 25 ന് അലിഗഢില്‍ മറ്റൊരു കൂട്ട മതപരിവര്‍ത്തന ചടങ്ങ് നടത്തുമെന്ന് ഹിന്ദു ജാഗരണ സമിതി വ്യക്തമാക്കി. പരിപാടിക്ക് സ്ഥലത്തെ ബി ജെ പി എം പി സതീഷ് ഗൗതം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹേശ്വരി ഇന്റര്‍കോളജിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജാഗരണ സമിതി നേതാവ് രാജേശ്വര്‍ സിംഗ് പറഞ്ഞു. ഇത് മതപരിവര്‍ത്തനമല്ല. നേരത്തെ തെറ്റിദ്ധരിച്ച് മതം മാറിയവര്‍ തിരികെ വരുന്ന ചടങ്ങാണ്. ഉത്തര്‍പ്രദേശിലെ മറ്റ് പല ജില്ലകളിലും കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളിലായി മതത്തിലേക്ക് തിരികെ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഘടനയുടെ പ്രഖ്യാപനത്തിന് പിന്തുണയുമായി ബി ജെ പി എം പി ഗൗതം രംഗത്തെത്തി. ജനങ്ങള്‍ സമാധാനപരമായ രീതിയില്‍ മതപരിവര്‍ത്തനത്തിന് തയ്യാറാണെങ്കില്‍, അതിനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.