വെസ്റ്റ്ബാങ്കില്‍ സംഘര്‍ഷം

Posted on: December 12, 2014 12:18 am | Last updated: December 11, 2014 at 11:18 pm

ജറൂസലം: വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ -ഫലസ്തീന്‍ സംഘര്‍ഷം. ഇസ്‌റാഈല്‍ അതിര്‍ത്തി പോലീസിനു നേരെ ഫലസ്തീനികള്‍ കല്ലെറിഞ്ഞു. സംഘര്‍ഷത്തില്‍ അപകടങ്ങളോ അറസ്റ്റുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ഫലസ്തീന്‍ മന്ത്രി സെയ്ദ് അബൂ ഐന്‍ കൊല്ലപ്പെട്ടിരുന്നു. തുര്‍മുസയ്യയില്‍ ഇസ്‌റാഈല്‍ നിര്‍മിക്കുന്ന വിഭജന മതിലിനെതിരായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനായി ഇസ്‌റാഈല്‍ പ്രയോഗിച്ച കണ്ണീര്‍ വാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പറയപ്പെടുന്നത്. ഇതാണ് പുതിയ സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തെ ചെറുക്കുന്നതിനായി പ്രദേശത്ത് ഇസ്‌റാഈല്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചു. സൈനികരില്‍ നിന്നും അതിര്‍ത്തി സേനയില്‍ നിന്നും രണ്ട് വീതം സംഘത്തെയാണ് വിന്യസിച്ചിട്ടുള്ളത്. അബൂ ഐന്‍ കൊല്ലപ്പെടാനിടയാക്കിയ സംഭവം അപരിഷ്‌കൃതവും കുറ്റകരവുമാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.