Connect with us

Editorial

സംഘ് പരിവാറിന്റെ മതപരിവര്‍ത്തന മേളകള്‍

Published

|

Last Updated

ഹിന്ദുയിസത്തില്‍ നിന്ന് മറ്റു മതങ്ങളിലേക്കുള്ള മതംമാറ്റത്തില്‍ കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണ് സംഘ്പരിവാര്‍ സംഘടനകള്‍. ഏതെങ്കിലും ഹിന്ദുസഹോദരന്‍ സ്വമേധയാ ഇസ്‌ലാമിലേക്കോ മറ്റോ മതപരിവര്‍ത്തനം ചെയ്താല്‍ അതിന്റെ പിന്നില്‍ പ്രലോഭനമോ, നിര്‍ബന്ധിക്കലോ ആരോപിച്ച് കലാപം അഴിച്ചുവിടാന്‍ ഒരുമ്പെടുന്ന ഹിന്ദുത്വ ഫാസിസം ഇപ്പോള്‍, മറ്റു മതങ്ങളില്‍ നിന്ന് ആളുകളെ ഹിന്ദുയിസത്തിലേക്ക് പരിവര്‍ത്തനം നടത്തിക്കാന്‍ മേളകള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ്. ഉത്തര്‍ പ്രദേശിലെ ആഗ്രയിലെ ചേരിപ്രദേശമായ മധുനഗറിലായിരുന്നു ഇതിന് തുടക്കം. അവിടെ ഹിന്ദു സന്ന്യാസിമാരുടെ മേല്‍നോട്ടത്തില്‍ സംഘ്പരിവാര സംഘടനകളായ ധര്‍മജാഗരണ്‍ സമന്വയ് വിഭാഗും ബജ്‌റംഗ്ദളും ഒരുക്കിയ ചടങ്ങില്‍ 57 കുടുംബങ്ങളില്‍ നിന്നായി 200 മുസ്‌ലിംകള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി സംഘടനാ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
മീററ്റിലെ സറാവ പ്രദേശത്ത് ഒരു ഹിന്ദു യുവതിയെ മുസ്‌ലിം യുവാവ് ബലാത്സംഗത്തിനിരയാക്കി മതപരിവര്‍ത്തനം ചെയ്യിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, സറാവ വില്ലേജിനെ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഹിന്ദുക്കള്‍ മാത്രമുള്ള പ്രദേശമാക്കിമാറ്റുമെന്ന് സംഘ്പരിവാര്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. ഡിസംബര്‍ 23ന് പശ്ചിമ യുപിയിലെ 50 കേന്ദ്രങ്ങളില്‍ മുസ്‌ലിംകളേയും 25ന് അലിഗഢിലെ മഹേശ്വരി കോളജില്‍ നടക്കുന്ന ചടങ്ങില്‍ 4000 ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുമെന്നായിരുന്നു ആര്‍ എസ് എസ് നേതാവ് രാജേശ്വര്‍ സിംഗിന്റെ പ്രഖ്യാപനം. ഉത്തര്‍ പ്രദേശിലെ 60ഓളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കൈവശപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മതപരിവര്‍ത്തന ശ്രമങ്ങളെ സ്വാഗതം ചെയ്ത് ബി ജെ പി നേതാക്കളും രംഗത്തു വന്നിട്ടുണ്ട്. മുസ്‌ലിം-ക്രിസ്ത്യന്‍ കുടുംബങ്ങളെ മതം മാറ്റാന്‍ പ്രതിമാസം 50 ലക്ഷം രൂപയാണ് ചെലവിടുന്നതെന്നാണ് ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ പറയുന്നതെങ്കിലും കോടികളാണ് ചേരിപ്രദേശങ്ങളില്‍ ഈയിനത്തില്‍ ഒഴുക്കുന്നതെന്നാണ് വിവരം.
ബലാത്സംഗം നടത്തി മതപരിവര്‍ത്തനത്തിന് വിധേയമാക്കിയെന്ന വാര്‍ത്ത കെട്ടുകഥയായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടതാണ്. ഇഷ്ടപ്പെട്ട മുസ്‌ലിം യുവാവിന്റെ കൂടെ താന്‍ സ്വമേധയാ ആണ് വീട് വിട്ടിറങ്ങിയതെന്നും ബലാത്സംഗം ചെയ്തു മതപരിവര്‍ത്തനം നടത്തിയതായി പരാതി നല്‍കിയത് കുടുംബത്തിന്റെ നിര്‍ബന്ധ പ്രകാരമായിരുന്നുവെന്നും ആ യുവതി തന്നെ പിന്നീട് പോലീസിനെ ധരിപ്പിച്ചിരുന്നു. അവര്‍ നല്‍കിയ വ്യാജപരാതി പിന്‍വലിക്കുകയും ചെയ്തു. എങ്കിലും ഹിന്ദുത്വ ഫാസിസം ഇതുവരെ തങ്ങളുടെ വ്യാജപ്രചാരണം അവസാനിപ്പിക്കുകയോ, ഈ വാര്‍ത്തക്ക് വന്‍പ്രചാരണം നല്‍കിയ ദേശീയ മാധ്യമങ്ങളും ചാനലുകളും തെറ്റു തിരുത്തുകയോ ചെയ്തിട്ടില്ല.
ഇഷ്ടപ്പെട്ട മതങ്ങളില്‍ വിശ്വസിക്കാനും, ഒരു മതത്തില്‍നിന്നു മറ്റൊരു മതത്തിലേയ്ക്ക് മാറാനും, മാറാതിരിക്കാനും, ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഭരണഘടനാപരമായി സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആശയാധിഷ്ഠിതവും പ്രലോഭനങ്ങള്‍ക്കതീതവും നിര്‍ബന്ധപരമല്ലാതെയുമായിരിക്കുമ്പോഴാണ് മതപരിവര്‍ത്തനം അര്‍ഥവത്താകുന്നത്. മധുനഗറില്‍ കഴിഞ്ഞ ദിവസം ഏതാനും കുടുംബങ്ങള്‍ മതംമാറിയത് പ്രലോഭനങ്ങളെ തുടര്‍ന്നായിരുന്നുവെന്ന് പരിവര്‍ത്തിതര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുയിസത്തിലേക്ക് മാറിയാല്‍ ഭക്ഷണവും താമസിക്കാന്‍ വീടും മക്കള്‍ക്ക് വിദ്യാഭ്യാസവും ഉള്‍പ്പെടെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളാണ് ഹിന്ദുത്വ സംഘടനകള്‍ വാഗ്ദാനം ചെയ്തത്.
മതംമാറ്റവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏറ്റവുമധികം വിമര്‍ശത്തിന് വിധേയമായവരാണ് മുസ്‌ലിംകള്‍. പ്രലോഭനങ്ങളിലൂടെയും ലൗ ജിഹാദ് വഴിയും ഹൈന്ദവരെ ഇസ്‌ലാമിലേക്ക് ആകൃഷ്ടരാക്കുന്നുവെന്നാണ് പരാതി. സംഘ്പരിവാറിനൊപ്പം കേരളത്തിലെ എന്‍ എസ് എസും എസ് എന്‍ ഡി പിയുമൊക്കെ ഈ ആരോപണം ഏറ്റുപിടിക്കാറുണ്ട്. നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള വ്യാപക മതപരിവര്‍ത്തനം കാരണം കേരളത്തിലെ ഹൈന്ദവ ജനസംഖ്യ അനുദിനം കുറയുകയാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമംമൂലം നിരോധിക്കണമെന്നും ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഘ്പരിവാറിന്റെ പ്രലോഭനത്തിലൂടെയുള്ള മതപരിവര്‍ത്തന മേളകളെക്കുറിച്ചു കുമ്മനത്തിന്റെ പ്രതികരണമെന്താണാവോ?
മതപരിവര്‍ത്തനം കൂടുതലും ഇസ്‌ലാമിലേക്കാണെന്നതാണ് ഇവരെയൊക്കെ വിറളി പിടിപ്പിക്കുന്നത്. എന്നാല്‍, പ്രലോഭനങ്ങളിലൂടെയോ നിര്‍ബന്ധിച്ചോ മതം മാറ്റുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ആശയാധിഷ്ഠിതമായ ചിന്തയില്‍ നിന്നാണ് മതപരിവര്‍ത്തനത്തിനുള്ള തീരുമാനം ഉരുത്തിരിഞ്ഞു വരേണ്ടതെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഏത് കാലത്തും ആരുടെ മുമ്പിലും തുറന്നുവെക്കാകുന്ന ആശയങ്ങളാണ് ഇസ്‌ലാമിന്റെത്. ഇതര മതസ്ഥരിലെ വിദ്യാസമ്പന്നരും ബുദ്ധിജീവികളും ഇസ്‌ലാമിലേക്ക് കൂടുതലായി ആകൃഷ്ടരാകുന്നതിന്റെ കാരണവും ഇസ്‌ലാമിന്റെ യുക്തിഭദ്രവും എക്കാലത്തും ജീവസ്സുറ്റതുമായ ആദര്‍ശങ്ങളാണ്. ആശയ ദാരിദ്ര്യമുള്ളവര്‍ക്കല്ലേ പ്രലോഭനങ്ങളിലൂടെ സ്വാധീനിക്കുന്ന വളഞ്ഞ വഴി സ്വീകരിക്കേണ്ടതുള്ളൂ!

Latest