ഉയരങ്ങളിലെ സൗഹൃദപ്പോര്‌

Posted on: December 11, 2014 12:21 am | Last updated: December 11, 2014 at 12:21 am

GEO JOSE & MANU FRANCISതിരുവനന്തപുരം: മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും കൈകുമ്പിളിലൊതുങ്ങിയ സ്വര്‍ണമെഡല്‍ സഹതാരത്തിന് വിട്ടുകൊടുത്ത് ഗവ എച്ച് എസ് എസ് നോര്‍ത്ത് പറവൂരിന്റെ ജിയോജോസ് പിന്‍വാങ്ങി. സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പ് പിറ്റാണ് ഒരേ കളരിയില്‍ നിന്നെത്തിയ രണ്ടുതാരങ്ങളുടെ സൗഹൃദപ്പോരിന് വേദിയായത്. എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് എച്ച് എസ് എസിലെ മനു ഫ്രാന്‍സിസാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. വെവ്വേറെ സ്‌കൂളുകളിലെങ്കിലും രണ്ടുപേരും എറണാകുളം നവദര്‍ശന്‍ അക്കാദമിയുടെ താരങ്ങള്‍. ആദ്യ റൗണ്ടില്‍ അത്രവലിയ ആവേശമൊന്നും കണ്ടില്ലെങ്കിലും രണ്ടാം റൗണ്ടില്‍ കടുത്ത മത്സരം. അവസാന റൗണ്ടില്‍ 2.00 മീറ്റിറില്‍ ഉയര്‍ത്തിയതോടെ താരങ്ങള്‍ക്ക് വെല്ലുവിളിയായി. ശ്രമം പരാജയപ്പെട്ട് കെ എച്ച് എസ് കുമരംപൂത്തൂര്‍ സ്‌കൂളിലെ സനല്‍ സ്‌കറിയ കളം വിട്ടതോടെ മത്സരം ജോസും മനുവും തമ്മിലായി. പിന്നീട് ഇരുവരും ഈ ദൂരം കീഴടക്കിയതോടെ സ്വര്‍ണ ജേതാവിനെ തീരുമാനിക്കാന്‍ വീണ്ടും അവസരം നല്‍കി.
ജിയോജോസ് തന്റെ സഹതാരം മനുഫ്രാന്‍സിസിന് പിന്‍മാറുന്ന കാഴ്ചയാണ് വേദികണ്ടത്. ദേശീയ മേളക്ക് ടിക്കറ്റ് ഉറപ്പിച്ച ജിയോ കാലിന് കൂടുതല്‍ പരുക്കേല്‍ക്കാതിരിക്കാനാണ് പിന്‍മാറിയത്.
തന്റെ ശിഷ്യര്‍ ആദ്യരണ്ടുസ്ഥാനങ്ങളിലെത്തുന്നത് പരിശീലകന്‍ മാനോജ് ടി തോമസ്് അഭിമാനത്തോടെ നോക്കിനിന്നു. ഇത് ആദ്യമല്ല ഇരുവരും മത്സര രംഗത്ത് മുഖാമുഖം വരുന്നത്. വിജയവാഡ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ജൂനിയര്‍ ഹൈജമ്പിലും ഇരുവരും മത്സരിച്ചിരുന്നു. അന്ന് ജിയോ ജോസിനായിരുന്നു സ്വര്‍ണം. എന്നാല്‍ ഇരുവരും ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്നത്. സ്്കൂള്‍ മീറ്റില്‍ നേരത്തെ ഹൈജമ്പില്‍ രണ്ടുമീറ്റര്‍ നേട്ടം കൈവരിച്ചത് നിലവിലെ റെക്കോര്‍ഡ് ചാമ്പ്യനായ ശ്രീനിത്ത് മോഹ (2.11)നും, ജൂനിയര്‍ വിഭാഗത്തില്‍ അനന്തുവുമാണ്.