മത്സ്യ കൃഷിക്കാര്‍ മൂന്ന് മാസത്തിനകം ലൈസന്‍സെടുക്കണം

Posted on: December 11, 2014 12:15 am | Last updated: December 11, 2014 at 12:15 am

തിരുവനന്തപുരം; സംസ്ഥാനത്ത് മത്സ്യകൃഷിയും ഹാച്ചറിയും നടത്തുന്നവര്‍ മൂന്ന് മാസത്തിനകം ലൈസന്‍സ് എടുക്കണം. ഇതടക്കം ഗുണനിലവാരമുള്ള മത്സ്യവിത്തുകളുടെ ഉത്പാദനം ഉറപ്പുവരുത്തുന്നതിനും പുറത്തുനിന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും വ്യവസ്ഥ ചെയ്യുന്ന കേരള മത്സ്യവിത്ത് ബില്‍ നിയമസഭ പാസാക്കി.

ഫിഷറീസ് മന്ത്രി കെ ബാബു അവതരിപ്പിച്ച ബില്‍ ചര്‍ച്ചയില്ലാതെയാണ് പാസാക്കിയത്. കയറ്റുമതിക്കും ഇറക്കുമതിക്കും രജിസ്‌ട്രേഷനും ലൈസന്‍സും വേണം. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ മത്സ്യവിത്തിന്റെ മൂല്യം 1000 രൂപയില്‍ കുറവാണെങ്കില്‍ 5000 രൂപ വരെയും 1000 രൂപയില്‍ കൂടുതലാണെങ്കില്‍ അഞ്ചിരട്ടിയും പിഴ ചുമത്തും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ 25,000 രൂപ പിഴ ചുമത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. പ്രാദേശിക കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ സംസ്ഥാന കേന്ദ്രത്തിലും അതിനുമുകളില്‍ അപ്പ്‌ലേറ്റ് അതോറിറ്റിയിലും പരാതിപ്പെടാന്‍ അവകാശമുണ്ടാകും. മത്സ്യവിത്തുകളുടെ ഉത്പാദനവും വളര്‍ത്തലും വിപണനവും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സര്‍ക്കാറിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് മത്സ്യവിത്ത് കേന്ദ്രങ്ങളും പരീക്ഷണശാലകളും സ്ഥാപിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഫിഷറീസ് മേഖലയിലെ വിദഗ്ധന്‍ ചെയര്‍പേഴ്‌സണായാണ് സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം സ്ഥാപിക്കുക. ഫിഷറീസ് വകുപ്പില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സെക്രട്ടറിയുമാകും. സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന് കീഴില്‍ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ചെയര്‍മാനായി പ്രാദേശിക കേന്ദ്രങ്ങളും സ്ഥാപിക്കും. മത്സ്യവിത്ത് ഫാമിന്റെയും ഹാച്ചറികളുടെയും രജിസ്‌ട്രേഷനും സാക്ഷ്യപ്പെടുത്തലും പ്രാദേശിക കേന്ദ്രത്തിന്റെ ചുമതലയിലായിരിക്കും. ലൈസന്‍സില്ലാത്തവര്‍ക്ക് മത്സ്യവിത്ത് വളര്‍ത്താനോ വില്‍ക്കാനോ അധികാരമുണ്ടാകില്ല. ലൈസന്‍സുകള്‍ക്ക് അഞ്ച് വര്‍ഷമായിരിക്കും കാലാവധി. ഹാച്ചറികള്‍ പരിശോധിക്കുന്നതിനായി മത്സ്യവിത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കും.
മത്സ്യവിത്തുകള്‍ക്കായി സംസ്ഥാനത്തിനു പുറത്തുള്ള ഹാച്ചറികളെയും മത്സ്യവളര്‍ത്തല്‍ കേന്ദ്രങ്ങളെയും ആശ്രയിക്കേണ്ടിവരുന്നു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മത്സ്യവിത്തുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് മതിയായ സംവിധാനമില്ല. മത്സ്യ വിത്തുകള്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണവുമില്ല. മത്സ്യകൃഷിക്ക് സംയോജിത ആസൂത്രണവും മേല്‍നോട്ടവും മാനേജ്‌മെന്റ് സംവിധാനവും കൊണ്ടുവരികയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ആന്ധ്രാപ്രദേശില്‍ ഇത് സംബന്ധിച്ച നിയമം നിലവിലുണ്ട്.