5000 ട്രെയിനുകളില്‍ കൂടി ആര്‍ പി എഫ് സേവനം

Posted on: December 11, 2014 12:14 am | Last updated: December 11, 2014 at 12:14 am

ന്യൂഡല്‍ഹി: രാജ്യത്തെ 5000 ട്രെയിനുകളില്‍ കൂടി ആര്‍ പി എഫ് സേനയെ നിയോഗിക്കുന്നു. നിലവില്‍ ദിനംപ്രതി 11,000 ട്രെയിനുകളില്‍ 1300 ആര്‍ പി എഫ് സൈനികര്‍ മാത്രമേയുള്ളൂ. ഇവരുമായി യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാം.
5000 ട്രെയിനുകള്‍ക്ക് സുരക്ഷ നല്‍കാന്‍ ആര്‍ പി എഫിനെ ഏല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ പി എഫ് ഡയറക്ടര്‍ ജനറല്‍ കൃഷ്ണ ചൗധരി പറഞ്ഞു. ആര്‍ പി എഫിനുള്ള മൂന്ന് ദിവസത്തെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനേന 11,000 ട്രയിനുകള്‍ക്ക് കുറച്ച് ആര്‍ പി എഫ് സൈനികര്‍ സുരക്ഷ നല്‍കുന്നതെന്നും ഇത് പരിഹരിക്കുന്നതിനാണ് കൂടുതല്‍ ആര്‍ പി എഫിനെ രംഗത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് മേഖലയിലെ ട്രെയിനുകളില്‍ 20 അംഗ ആര്‍ പി എഫാണ് ഉണ്ടാകുക. എന്നാല്‍ സാധാരണ മേഖലയില്‍ ഇത് നാല്- ആറ് പേരും. അടുത്ത ഏപ്രില്‍ മാസത്തോടെ 16,500 പേരെ ആര്‍ പി എഫിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേയുമായി സഹകരിച്ച് പ്രത്യേക ഫോണ്‍ നമ്പറുകളും നല്‍കുമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. ട്രെയിനുകള്‍ക്ക് അകമ്പടി പോകാന്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സംഘത്തെ നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാസഞ്ചര്‍ ട്രയിനുകള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയതില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സ്ത്രീകളോടുള്ള പെരുമാറ്റം, വ്യത്യസ്ത കുറ്റവാളികളെ കണ്ടെത്തുക എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും.