ഇന്‍ഷ്വറന്‍സില്‍ 49% വിദേശ നിക്ഷേപം: പാര്‍ലിമെന്ററി സമിതി പിന്തുണച്ചു

Posted on: December 11, 2014 12:07 am | Last updated: December 11, 2014 at 12:07 am

ന്യൂഡല്‍ഹി: ഇന്‍ഷ്വറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം 49 ശതമാനമായി ഉയര്‍ത്താന്‍ പാര്‍ലിമെന്ററി സമിതി ശിപാര്‍ശ ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ നിയമ ഭേദഗതി ബില്ലിനെ പാര്‍ലിമെന്ററി സമിതി പിന്തുണച്ചു. 26 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപമാണ് നിലവില്‍ ഇന്‍ഷ്വറന്‍സ് മേഖലയിലുള്ളത്. യു പി എ സര്‍ക്കാറിന്റെ കാലത്ത് പ്രതിപക്ഷമായിരുന്ന ബി ജെ പി ഇതിനെ അതിശക്തമായി എതിര്‍ത്തിരുന്നു.
സമിതി റിപ്പോര്‍ട്ട് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചു. 2008ലെ ഇന്‍ഷ്വറന്‍സ് നിയമ (ഭേദഗതി) ബില്‍ പരിശോധിക്കാന്‍ പതിനഞ്ചംഗ സെലക്ട് കമ്മിറ്റിയെ ആഗസ്റ്റില്‍ രാജ്യസഭ ചുമതലപ്പെടുത്തിയിരുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ആറ് വര്‍ഷമായി ബില്‍ പരിഗണിക്കാതെയിരിക്കുകയായിരുന്നു. അടുത്തയാഴ്ച തന്നെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. സമിതിയുടെ റിപ്പോര്‍ട്ടില്‍ നാല് അംഗങ്ങള്‍ വിയോജന കുറിപ്പുമുണ്ട്. സി പി എമ്മിന്റെ പി രാജീവ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദെറെക് ഒബ്രിയാന്‍, രാം ഗോപാല്‍ യാദവ് (സമാജ്‌വാദി പാര്‍ട്ടി), കെ സി ത്യാഗി (ജെ ഡി യു) എന്നിവരാണ് വിയോജനക്കുറിപ്പ് നല്‍കിയത്.
ഇന്‍ഷ്വറന്‍സ് വ്യവസായ മേഖലയില്‍ നിന്നുള്ളയാളെ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ വിദഗ്ധനായി ഉള്‍പ്പെടുത്തണമെന്ന് സമിതിക്ക് നേതൃത്വം നല്‍കുന്ന ചന്ദന്‍ മിത്ര പറഞ്ഞു. ഇതിന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിയമത്തില്‍ മാറ്റം വരുത്തണം. കമ്പനികളില്‍ നിന്ന് ഇന്‍ഷ്വറന്‍സ് പിഴ ഈടാക്കേണ്ടത് അവര്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കണെന്ന് ശിപാര്‍ശയുണ്ട്. വിഷയാധിഷ്ഠിത വ്യാഖ്യാനത്തിന് കുറഞ്ഞ ഇടം വേണം. ആരോഗ്യ ഇന്‍ഷ്വര്‍ ദാതാക്കള്‍ക്ക് അടിയന്തര സേവനം നല്‍കാനുള്ള സംവിധാനമുണ്ടെന്ന് ഉറപ്പുവരുത്താന്‍ മൂലധനം 100 കോടി രൂപ നിരക്ക് നിലനിര്‍ത്താനും ശിപാര്‍ശയുണ്ട്. ദ്വയാര്‍ഥം ഒഴിവാക്കാന്‍ നോമിനി എന്ന വാക്കിന്റെ വ്യാഖ്യാനം പരിഷ്‌കരിക്കണമെന്നും നിര്‍ദേശമുണ്ട്.
2011ല്‍ ധനകാര്യത്തിന്റെ ചുമതലയുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുതിര്‍ന്ന ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനെ അതിശക്തമായി എതിര്‍ത്തിരുന്നു. സമ്പദ്‌വ്യവസ്ഥയെ വെറുതെ തുറന്ന്‌കൊടുക്കുക മാത്രമാണ് ഇതിലൂടെയുണ്ടാകുകയെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു.