ആഗ്രയില്‍ സമൂഹ മതപരിവര്‍ത്തനം: പാര്‍ലമെന്റ് ഇളകി

Posted on: December 10, 2014 2:57 pm | Last updated: December 11, 2014 at 10:15 am

lok-sabhaന്യൂഡല്‍ഹി: ആഗ്രയില്‍ വന്‍തോതില്‍ മുസ്‌ലിംകളെ നിര്‍ബന്ധിച്ച് ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേന്ദ്രം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നത് പാര്‍ലിമെന്റിനെ ഇളക്കിമറിച്ചു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ വിഷയം സംസ്ഥാന സര്‍ക്കാറിന്റെ കടമയാണെന്ന് പാര്‍ലിമെന്റില്‍ പ്രസ്താവനയിറക്കി കേന്ദ്രം കൈ കഴുകി.
57 മുസ്‌ലിം കുടുംബങ്ങളില്‍പ്പെട്ട 200 പേരെ ആഗ്രയിലെ മധുനഗറില്‍ മതപരിവര്‍ത്തനം നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പാര്‍ലിമെന്റില്‍ പ്രക്ഷുബ്ധ രംഗങ്ങളുണ്ടായത്. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും കേന്ദ്രം ഗൗരവമായെടുക്കണമെന്നുമാവശ്യപ്പെട്ട് ബി എസ് പി,കോണ്‍ഗ്രസ്, എസ് പി, ഇടത് അംഗങ്ങള്‍ രംഗത്തെത്തിയതോടെ സഭാനടപടികള്‍ സ്തംഭിച്ചു. ബി എസ് പി നേതാവ് മായാവതിയാണ് പ്രശ്‌നം ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ആഗ്രയില്‍ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമാണ് ആര്‍ എസ് എസ് പരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ മുസ്‌ലിംകളെ മതപരിവര്‍ത്തനം നടത്തിയിരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
നിര്‍ധന കുടുംബങ്ങളെ പ്രലോഭിപ്പിച്ച് മതം മാറ്റിയത് ഗൗരവമായി കാണണം.
എല്ലാ മതവിഭാഗങ്ങളുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തുന്ന ഭരണഘടന അതിന്റെ ഉത്തരവാദിത്വം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നം അതീവ ഗൗരവമായി കണ്ട് കേന്ദ്രം നടപടിയെടുക്കണം.
ഇത്തരം നടപടികള്‍ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കളമൊരുക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സഭയില്‍ വന്ന് പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് സി പി എമ്മിലെ സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ്. അത് അങ്ങനെ തന്നെ തുടരും. അത് മാറ്റാന്‍ ശ്രമിച്ചാല്‍ നിങ്ങളുണ്ടാവില്ല. പക്ഷേ ഇന്ത്യയുണ്ടാവും- അദ്ദേഹം പറഞ്ഞു. മായാവതിയെ പിന്താങ്ങി മറ്റ് പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി. ഇതിനിടയില്‍ ചെയറിലുണ്ടായിരുന്ന പി ജെ കുര്യന്‍ നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചെങ്കിലും അംഗങ്ങള്‍ അടങ്ങിയില്ല. പ്രധാനമന്ത്രി മറുപടി പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നു.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളം തുടര്‍ന്ന സാഹചര്യത്തില്‍ പാര്‍ലിമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി മറുപടിയുമായി രംഗത്തെത്തി. മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാനം സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വമായതിനാല്‍ വിഷയത്തില്‍ നടപടിയെടുക്കേണ്ടത് യു പി സര്‍ക്കാറാണ്. സംസ്ഥാന സര്‍ക്കാര്‍ അത് കൈകാര്യം ചെയ്യും. കേന്ദ്രത്തിന് അതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിന്റെ പേര് പരാമര്‍ശിച്ചതിനെ അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരു സംഘടനയുടെ പേര് പറഞ്ഞത് ഉചിതമായില്ലെന്നും അത് സഭാ നടപടികളില്‍ നിന്ന് നീക്കം ചെയ്യണമെന്നും നഖ്‌വി ആവശ്യപ്പെട്ടു.