കൊച്ചി: സംസ്ഥാനത്ത് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്ക് ജനുവരി 20 വരെ പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. മദ്യനയത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പഠന സമിതിയെ നിയോഗിച്ച കാര്യം അറിയിച്ച് സര്‍ക്കാറില്‍ നിന്ന് കത്ത് ലഭിച്ചതായി അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
തൊഴില്‍, ടൂറിസം വകുപ്പുകളുടെ സെക്രട്ടറിമാര്‍ പഠനം നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. നാലാഴ്ചയ്ക്കകം പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ജനുവരി 14ന് വീണ്ടും പരിഗണിക്കും.