Connect with us

Wayanad

ബാണാസുര ഡാമിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്

Published

|

Last Updated

പടിഞ്ഞാറത്തറ: കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറ ബാണാസുര ഡാമില്‍ പിഞ്ചുകുഞ്ഞ് ജീപ്പ് കയറി മരിച്ചതില്‍ ഐഡിയല്‍ ടൂറിസം ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാണാസുര സാഗര്‍ ഡാമിലേക്ക് മാര്‍ച്ച് നടത്തി. ഡാമിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിച്ച് യൂത്ത് ലീഗ് അധികൃതര്‍ക്ക് നിവേദനം നല്‍കി.
മാര്‍ച്ച് ജില്ലാ സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ ഉദ്ഘാടനം ചെയ്തു. സി ഇ ഹാരിസ് അധ്യക്ഷത വഹിച്ചു. ഒരാഴ്ച്ചക്കുളളില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ച് ആവശ്യമുളള മാറ്റങ്ങള്‍ വരുത്തുമെന്ന് ഐഡിയല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗടഋആ അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ യൂത്ത് ലീഗ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി പ്രശ്‌നം പരിഹരിക്കാത്ത പക്ഷം ശക്തമായി പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.
ബാണാസുരസാഗര്‍ ഡാമിനകത്തെ റോഡില്‍ ദിവസേന കരാറടിസ്ഥാത്തില്‍ 5-ഓളം ജീപ്പുകളാണ് സര്‍വ്വീസ് നടത്തുന്നത് ജീപ്പുകളുടെ മരണപ്പാച്ചിലാണ് പിഞ്ചുകുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഇതിന് മുമ്പു നിരവധി വിനോദ സഞ്ചാരികള്‍ക്ക് ജീപ്പുകളുടെ അമിതവേഗതയില്‍ അപായം സംഭവിച്ചിട്ടുണ്ട്. ഇത് സംബന്ധമായി നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഒരു വര്‍ഷം മുമ്പ് മറുവശത്തെ ഗെയിറ്റില്‍കൂടി കയറി എതിര്‍വശത്തെ ഗെയിറ്റിലൂടെ ഇറങ്ങുന്ന വണ്‍വെ സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. അന്ന് ഈ റോഡിലൂടെ ജീപ്പുകള്‍ മാത്രമായിരുന്നു കടന്ന് പോയിക്കൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ വണ്‍വെ സംവിധാനം നിര്‍ത്തലാക്കിയത് മൂലം സഞ്ചാരികളും, ജീപ്പുകളും ഒരു റോഡിലൂടെയാണ് കടന്ന് പോകുന്നത്. റോഡില്‍ മറ്റൊരു സുരക്ഷാ സംവിധാനവും ഇല്ലാത്തതിനാല്‍ ഇതിന് ശേഷം സഞ്ചാരികള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി, യാത്രക്കാര്‍ക്ക് സ്ഥിരം നടപ്പാത ഇല്ലാത്തതും അപകടത്തിന് കാരണമാകുന്നു. ദിവസേന ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ എത്തുന്ന ഇവിടെ വിനോദ സഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യമുളള ശൗചാലയങ്ങള്‍ പോലുമില്ല. ജീപ്പ് സര്‍വീസുകള്‍ നിര്‍ത്തലാക്കണമെന്നും നടപ്പാത നിര്‍മിക്കണമെന്നും കഴിഞ്ഞ വര്‍ഷം അടച്ച് പൂട്ടിയ കവാടം തുറന്ന് സഞ്ചാരികള്‍ക്ക് വണ്‍വേ സംവിധാനം പുനസ്ഥാപിക്കണമെന്നും മാര്‍ച്ച് ആവശ്യപ്പെട്ടു. ഷമീം തരിയോട്, എന്‍ പി ഷംസുദ്ദീന്‍, പി സി ഉമ്മര്‍, മോയി മക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു. സി കെ അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും, സി ഇബ്രാഹിം നന്ദിയും പറഞ്ഞു.