ശാരദ തട്ടിപ്പ് ചര്‍ച്ച ചെയ്യാന്‍ സഭയില്‍ ബി ജെ പിനോട്ടീസ് നല്‍കി

Posted on: December 10, 2014 12:00 am | Last updated: December 10, 2014 at 12:00 am

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസ് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി നോട്ടീസ് നല്‍കി. ഇത് ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസും പുതിയ എറ്റുമുട്ടലുണ്ടാക്കും.
പശ്ചിമ ബംഗാളിലെ ബി ജെ പി. എം പിയും, മുന്‍ കേന്ദ്ര മന്ത്രിയുമായ എസ് എസ് അലുവാലിയയാണ് ശാരദ തട്ടിപ്പും, സംസ്ഥാനത്തെ മറ്റു തട്ടിപ്പുകളും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയില്‍ നോട്ടീസ് നല്‍കിയത്. റൂള്‍ 193 നിയമ പ്രകാരം വോട്ടിനിടാതെ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും അലുവാലിയ ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടാഴ്ചയായി ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തി തൃണമൂല്‍ എം പി മാര്‍ ലോക്‌സഭ അലങ്കോലപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് തൃണമൂല്‍ നേതാക്കള്‍ ആരോപണവിധേയരായ ചിട്ടിത്തട്ടിപ്പ് ലോക്‌സഭ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ബി ജെ പി മുന്നോട്ട് വെക്കുന്നത്. ബി ജെ പി സര്‍ക്കാര്‍ തനിക്കെതിരെ പകപോക്കല്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് തൃണമൂല്‍ മേധാവിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. നിരവധി തൃണമൂല്‍ നേതാക്കളെ ശാരദ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയം സംസ്ഥാനത്ത് ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസും പുതിയ യുദ്ധത്തിലേക്ക് വഴി തെളിയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ബി ജെ പി പ്രസിഡന്റ് അമിത് ഷാ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ തൃണമൂല്‍ സര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.