ബെംഗളൂരു: രാജ്യത്തിന്റെ ഏറ്റവും പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ് 16ന്റെ രണ്ടാമത്തെ ഭ്രമണപഥമുയര്‍ത്തല്‍ പ്രക്രിയയും വിജയകരം. അപ്പോജീ മോട്ടോര്‍ 2203 സെക്കന്‍ഡ് കത്തിച്ചു നിര്‍ത്തിയാണ് ജി സാറ്റ് 16ന്റെ രണ്ടാം ഭ്രമണപഥമുയര്‍ത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയതെന്ന് ഇന്ത്യന്‍ ബഹിരാകാശ സംഘടന (ഐ എസ് ആര്‍ ഒ) വെബ്‌സൈറ്റില്‍ വ്യക്തമാക്കി. ഉച്ചക്ക് 1.05നായിരുന്നു അത്.
കഴിഞ്ഞ ഞായറാഴ്ച ഫ്രഞ്ച് ഗയാനയിലെ കൗരുവില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ലിക്വിഡ് അപ്പോജീ മോട്ടോറിന്റെ തള്ളല്‍ ശേഷിയില്‍ തിങ്കളാഴ്ച ജി സാറ്റ് 16ന്റെ ഭ്രമണപഥം ഉയര്‍ത്തിയിരുന്നു. ഈ മാസം 12ന് ഉപഗ്രഹം ജിയോസ്റ്റേഷനറി ഭ്രമണപഥത്തില്‍ എത്തും. ഇതോടെ വാര്‍ത്താ വിനിമയ ട്രാന്‍പോണ്ടറുകള്‍ പ്രവര്‍ത്തനക്ഷമമാകും.
48 ട്രാന്‍സ്‌പോണ്ടറുകളാണ് ഉപഗ്രഹത്തിലുള്ളത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹം ഉള്‍പ്പെടെ രാജ്യത്തെ മുഴുവനായി ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഉപഗ്രഹം. എരീന അഞ്ച് റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്.
കഴിഞ്ഞ ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയായ ഇന്‍സാറ്റ്- 3ഇക്ക് പകരമായാണ് ജിസാറ്റ്- 16 വിക്ഷേപിച്ചത്. ടെലിവിഷന്‍, ടെലിഫോണ്‍, ഇന്റര്‍നെറ്റ് മേഖലകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ബെംഗളൂരുവിലെ ഐ എസ് ആര്‍ ഒ കേന്ദ്രം നിര്‍മിച്ച ഉപഗ്രഹത്തിന് 880 കോടി രൂപ ചെലവ് വന്നിട്ടുണ്ട്. 3,181 കിലോഗ്രാം ഭാരമാണ് ഉപഗ്രഹത്തിനുള്ളത്. കഴിഞ്ഞ ജനുവരിയിലാണ് ഐ എസ് ആര്‍ ഒ ഇതിന് മുമ്പ് വാര്‍ത്താ വിനിമയ ഉപഗ്രഹം വിക്ഷേപിച്ചത്.