ആസൂത്രണ കമ്മീഷന്‍ ഉടച്ചു വാര്‍ക്കുമ്പോള്‍

Posted on: December 10, 2014 6:00 am | Last updated: December 9, 2014 at 11:39 pm

SIRAJ.......ഭരണഘടനാ സ്ഥാപനമായ ദേശീയ ആസൂത്രണ കമ്മീഷന്‍ പിരിച്ചു വിട്ടു ദേശീയ വികസന പരിഷ്‌കരണ കമ്മിഷന്‍ രൂപവത്കരിക്കാനുള്ള മോദി സര്‍ക്കാറിന്റെ ശ്രമം ഊര്‍ജിതമയി തുടരുകയാണ്. ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കാന്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സമ്മിശ്ര പ്രതികരണമാണുണ്ടായതെങ്കിലും, കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ നരേന്ദ്ര മോദി മുന്നോട്ടുവെച്ച പുതിയ സംവിധാനം അടുത്ത റിപബ്ലിക് ദിനത്തോടെ യാഥാര്‍ഥ്യമാകുമെന്നാണ് ഭരണവൃത്തങ്ങളില്‍ നിന്നുള്ള വിവരം.
ഇന്ത്യയെ സാമ്പത്തികാഭിവൃധിയിലേക്ക് നയിക്കാനും വികസന രംഗത്ത് വന്‍മുന്നേറ്റം സാധ്യമാക്കാനുമുള്ള ലക്ഷ്യത്തില്‍ 1950 ലാണ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ ആസൂത്രണ കമ്മീഷന്‍ രൂപവത്കരിച്ചത്. സോവിയറ്റ് യൂനിയനില്‍ നിന്നാണ് അദ്ദേഹം ഈ ആശയം കടമെടുത്തത്. നെഹ്‌റുവിന് ശേഷം രാജ്യം ഭരിച്ച എല്ലാ സര്‍ക്കാറുകളും വികസനനയം കരുപ്പിടിപ്പിച്ചത് ആസൂത്രണ കമ്മീഷനെ അടിസ്ഥാനപ്പെടുത്തിയാണ്.രാജ്യത്തിന്റെ വിഭവങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി രേഖ തയാറാക്കുകയും വികസനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുമാണ് കമ്മീഷന്റെ ചുമതല. എന്നാല്‍ നിലവിലെ പരിഷ്‌കരണ യുഗത്തില്‍ ഈ സംവിധാനം അപര്യാപ്തമാണെന്നാണ് നരേന്ദ്രമോദിയുടെ പക്ഷം. മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ക്കും ആഗോള ശക്തിയായി വളരാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്കും അനുസൃതമായി പദ്ധതിരേഖകള്‍ സമര്‍പ്പിക്കുന്നതില്‍ ആസൂത്രണ കമ്മീഷന്‍ പരാജയമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നിട്ട് ആറര പതിറ്റാണ്ടോളമായിട്ടും ജനതയില്‍ പകുതിയോളം ഇന്നും ദാരിദ്ര്യ രേഖക്ക് താഴെയാണ്. സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ലാത്ത കോടിക്കണക്കിന് ജനത രാജ്യത്ത് ഇപ്പോഴുമുണ്ട്. വെള്ളവും വെളിച്ചവും ഇനിയുമെത്താത്ത ഗ്രാമങ്ങളും നിരവധി. എഴുത്തും വായനയും അറിയാത്തവരും ധാരാളം. രാജ്യം വികസനരംഗത്ത് വന്‍മുന്നേറ്റം നടത്തിയെന്നഭിമാനിക്കുമ്പോഴും ചേരി പ്രദേശങ്ങളിലും ദളിത് മേഖലകളിലും അടിസ്ഥാന വികസനം പോലും കടന്നുചെന്നിട്ടില്ല. ആസൂത്രണത്തില്‍ വന്ന അപാകതകളാണ് ഇതിന് കാരണമെന്ന് സമ്മതിക്കാതെ വയ്യ. ഇതടിസ്ഥാനത്തില്‍ ആസൂത്രണ കമ്മീഷന്‍ ഉടച്ചുവാര്‍ക്കണമെന്നും പുതിയ പ്രവര്‍ത്തന മാനദണ്ഡങ്ങളും രീതികളും അവലംബിക്കണമെന്നുമുള്ള നിലപാടിന് പ്രസക്തിയുണ്ട്. രാജ്യത്തിന്റെ ത്വരിതഗതിയിലുളള വളര്‍ച്ചക്കും വികസനത്തിനും ആസൂത്രണത്തിലുമുള്ള നിര്‍വ്വഹണത്തിലും മാറ്റങ്ങള്‍ ആവശ്യമാണ്. ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഭൂരിഭാഗവും കമ്മീഷന് പുതിയ രൂപഭാവങ്ങള്‍ അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടതും ശ്രദ്ധേയമാണ്.
അതേസമയം, ആസൂത്രണ കമ്മീഷന്റെ പ്രവര്‍ത്തനം അമ്പേ പരാജയമാണെന്ന് ആരും വിലയിരുത്തുന്നില്ല. കഴിഞ്ഞ ആറര ദശാബ്ദത്തിനിടയില്‍ രാജ്യത്തെ ഇന്നു കാണുന്ന പുരോഗതിയിലേക്കെത്തിച്ചതില്‍ കമ്മീഷന്റെ ആസൂത്രണത്തിന് അനല്‍പ്പമായ പങ്കുണ്ട്. പോരായ്മകളേറെ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും വികസനത്തിന് ഒരു ദിശാബോധമുണ്ടാക്കാന്‍ കമ്മീഷന് സാധിച്ചിട്ടുണ്ടെന്നുള്ളത് അനിഷേധ്യമാണ്. ഈ സാഹചര്യത്തില്‍ കമ്മീഷനെ പിരിച്ചുവിട്ടു പുതിയ സംവിധാനം ആവിഷ്‌കരിക്കുന്നതിന് പകരം പോരായ്മകളും ന്യൂനതകളും പരിഹരിച്ചു നികത്തി അതിന് പുതിയ രൂപഭാവങ്ങള്‍ നല്‍കുകയല്ലേ ഉചിതമെന്ന ചോദ്യവും അപ്രസക്തമല്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ നിലപാടും ഇതാണ്. ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കുന്നത് രാജ്യം ഇന്നോളം കൈവരിച്ച നേട്ടങ്ങളെ നിഷ്പ്രഭമാക്കിയേക്കുമെന്നാണ് അവരുടെ ആശങ്ക.
ആസൂത്രണ കമ്മീഷന് പകരം മോദി ഉദ്ദേശിക്കുന്ന പുതിയ സംവിധാനത്തിന്റെ ശരിയായ ചിത്രം പുറത്തുവന്നിട്ടില്ല. ഫെഡറലിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതും സംസ്ഥാനങ്ങളുടെ പ്രതിനിധികളടക്കം എട്ടോ പത്തോ സ്ഥിരം അംഗങ്ങളും, സാമ്പത്തികം, പരിസ്ഥിതി എന്‍ജിനിയറിംഗ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരും ഉള്‍പ്പെടുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വെളിപ്പെടുത്തിയെന്നല്ലാതെ അതിന്റെ അധികാര പരിധിയും മറ്റും അവ്യക്തമാണ്. ഏതായാലും സമഗ്രവും ഗഹനവുമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കണം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. ആറര പതിറ്റാണ്ട് നീണ്ട ഒരു ഭരണഘടനാ സംവിധാനം പൊടുന്നനെ ഉടച്ചുവാര്‍ക്കുന്നത് അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയേക്കും.