Connect with us

Articles

ഒളിഞ്ഞു നോക്കുന്നവരും ഒളിച്ചുവെക്കുന്നവരും

Published

|

Last Updated

രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു – ഒക്‌ടോവിയോ പാസ്
പ്രേമവും ചുമയും ഒരുപോലെയാണ്; എത്ര ശ്രമിച്ചാലും രണ്ടും മറച്ചുവെക്കാന്‍ കഴിയില്ല. -റോമന്‍ പഴഞ്ചൊല്ല്
ചുംബനം ശരിയൊ തെറ്റോ അത് പരസ്യമായിട്ടോ രഹസ്യമായിട്ടോ ഇതൊക്കെയാണ് ഇപ്പോഴത്തെ ചൂടാറാത്ത ചര്‍ച്ചാവിഷയം. കവി സച്ചിദാനന്ദന്‍, ആനന്ദ്, എന്‍ എസ് മാധവന്‍ തുടങ്ങിയ നമ്മുടെ തലമുതിര്‍ന്ന എഴുത്തുകാരെല്ലാം നിലപാടുകള്‍ അവതരിപ്പിച്ച് ചര്‍ച്ച കൊഴുപ്പിച്ചു. പത്രാധിപര്‍ക്ക് കത്തെഴുതുന്ന എഴുത്തുകാരും ഒട്ടും പിന്നിലായില്ല. അവരും എഴുതി ഒത്തിരി കത്തുകള്‍. സോഷ്യല്‍ മീഡിയകളും ടെലിവിഷന്‍ ചര്‍ച്ചകളും ഇപ്പോഴും ഉമ്മ വെയ്ക്കുന്നവരുടെയും ഉമ്മ വെപ്പിനെ എതിര്‍ക്കുന്നവരുടെയും പിന്നാലെ കൂടി ചര്‍ച്ചകള്‍ വലിച്ചുനീട്ടിക്കൊണ്ടിരിക്കുകയാണ്. വലിച്ചാല്‍ നീളുന്നതും വലിവിട്ടാല്‍ പൂര്‍വാവസ്ഥയെ പ്രാപിക്കുന്നതുമായ റബ്ബര്‍ പോലുള്ള ഒരു സാധനമാണിപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ചുംബന കേന്ദ്രീകൃത സദാചാര ചര്‍ച്ച. കളത്തിലിറങ്ങി കളിക്കാതെ ഗാലറിയിലിരുന്നു കളികാണുന്നവരുടെ കൈയടിയും കൂക്കിവിളിയും ഒക്കെയാണല്ലൊ കളിക്കാരെ ഉത്തേജിപ്പിക്കുന്നത്.
സ്വന്തം നിലയില്‍ ഒട്ടേറെ അഭ്യാസങ്ങള്‍ നടത്തിയിട്ടും മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പിന്നോട്ടു തള്ളിമാറ്റിയ കേരളത്തിലെ മാവോയിസ്റ്റുകള്‍ കൊച്ചി മറൈന്‍ഡ്രൈവിലെ സമരത്തിലൂടെ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി എന്നതാണ് ചുംബനസമരത്തിന്റെ ഏറ്റവും വലിയ നേട്ടം. തങ്ങള്‍ വിചാരിച്ചാലും എന്തൊക്കെയോ ഇവിടെ നടക്കും എന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. മാവോയിസ്റ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആദിവാസികളുടെ ഭൂമിപ്രശ്‌നം, കീടനാശിനിവിരുദ്ധസമരം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാത്ത സാംസ്‌കാരിക നായകന്മാരെ പരസ്യ ചുംബനക്കാര്യത്തില്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ 2014 നവംബര്‍ രണ്ടിന്റെ മറൈന്‍ഡ്രൈവിലെ ആണ്‍- പെണ്‍ ചുബനസമരത്തിനു കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണിത്തരം ഒരു സമരത്തിനു ഇത്രയധികം മാധ്യമ ശ്രദ്ധ നേടാനായത് ?
മാധ്യമങ്ങളില്‍ അതുവരെ ജ്വലിച്ചു നിന്നിരുന്ന ബാര്‍കോഴ വിവാദം പോലുള്ള അഴിമതി ആരോപണങ്ങള്‍ നിഷ്പ്രഭമാകുകയും കേരളം ചുംബനാനുകൂലികളും ചുംബനവിരോധികളുമായി വിഭജിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കും വിധം മറൈന്‍ഡ്രൈവിലേക്ക് ഒരേസമയം ചുംബനാനുകൂലികളും ചുംബനവിരോധികളും ഒഴുകിയെത്തിയതും ആയ വിഷയത്തെ മാധ്യമങ്ങള്‍ ഇപ്പോഴും ലൈവായി നിലനിറുത്തിയിരിക്കുന്നത് എന്തിന്? ഇത്രക്കൊക്കെ പ്രാധാന്യം ഈ വിഷയത്തിനുണ്ടോ? ഈ വിഷയം കേന്ദ്രീകരിച്ച് നമ്മളിതുവരെ നടത്തിയ ചര്‍ച്ചകളുടെ പ്രത്യാഘാതമോ പ്രതിഫലനമോ ഏതു രൂപത്തിലായിരിക്കും ഇനിയങ്ങോട്ട് കേരളീയ സമൂഹത്തില്‍ പ്രതിഫലിക്കുക?
കോഴിക്കോട് ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റില്‍ ഒരു ഭരണകക്ഷി അനുകൂലചാനല്‍ അവരുടെ പ്രേക്ഷകര്‍ക്കു മുമ്പില്‍ എരിവും പുളിയും ചേര്‍ത്തുപാകപ്പെടുത്തി വിളമ്പാന്‍ തയ്യാറാക്കിയ ഒരു വിഭവമാണ് കാര്യങ്ങളെ ഈ നിലയിലേക്കു തള്ളിവിട്ടത്. മേല്‍പ്പറഞ്ഞ റസ്റ്റോറന്റില്‍ യുവ കമിതാക്കള്‍ക്ക് സ്വതന്ത്രമായിരുന്നു സൈ്വര്യസല്ലാപത്തിന് സൗകര്യം നല്‍കിവരുന്നു എന്ന ആക്ഷപത്തെ പിന്‍തുടരുകയായിരുന്നു ആധുനിക ജേണലിസം പഠിച്ച നമ്മുടെ ചാനല്‍ പൈങ്കിളികള്‍. “അവളെ പേടിച്ചാരും നേര്‍വഴി നടക്കില്ല” എന്നു എഴുത്തച്ഛന്‍ പണ്ട് പൂതനയെക്കുറിച്ചു പാടിയതുപോലെ ഈ ക്യാമറകളെ പേടിച്ചു മനുഷ്യര്‍ക്കു നേരെ ചൊവ്വെ ഒന്നു ടോയ്‌ലറ്റില്‍ പോകാന്‍പോലും പറ്റില്ലെന്നു വന്നാല്‍ കഷ്ടം തന്നെ! ലോകത്ത് ഏത് റസ്റ്റോറന്റിലാണ് ആണിനും പെണ്ണിനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും കൊച്ചുവര്‍ത്തമാനം പറയാനും കഴിയാത്തത്? കോഴിക്കോട് എന്താ വെള്ളരിക്കാപ്പട്ടണമോ? ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ വിവാഹസര്‍ട്ടിഫിക്കറ്റുമായി വരണമെന്ന് നിയമം നിര്‍മ്മിക്കാന്‍ കഴിയുമോ? റസ്റ്റോറന്റുകളില്‍, ട്രെയിനുകളില്‍, ബസുകളില്‍, പാര്‍ക്കുകളില്‍, എന്തിനു ചര്‍ച്ചുകളിലും അമ്പലങ്ങളില്‍ പോലും യുവതീയുവാക്കളും മധ്യവയസ്‌കരും ഒക്കെ സൈ്വര സല്ലാപത്തിലേര്‍പ്പെടുന്നത് അത്ര വലിയ ഒരു ആനക്കാര്യമൊന്നുമല്ല. നമ്മളെ ബാധിക്കാത്ത അത്തരം കാഴ്ചകളില്‍ നിന്ന് നമ്മുടെ കണ്ണുകളെ പിന്‍വലിക്കുക എന്നതാണ് സംസ്‌കാരമുള്ള ഏതു മനുഷ്യരും ചെയ്യേണ്ടത്.
എന്നാല്‍ ചാനലുകള്‍ ഡമ്മികളെ ഇരുത്തി നാടകം കളിപ്പിച്ചു പിടിച്ചെടുത്ത ദൃശ്യങ്ങളുടെ പേരില്‍ കോഴിക്കോട്ടെ സദാചാരവീരന്മാര്‍ ഹോട്ടല്‍ തല്ലിത്തകര്‍ത്ത കാടന്‍ നടപടിയോടുള്ള പ്രതിഷേധമെന്ന നിലയിലാണ് മുന്‍ നക്‌സല്‍ നേതാവ് ടി എന്‍ ജോയിയുടെ നേതൃത്വത്തില്‍ 2014 നവംബര്‍ രണ്ടിന് ചുംബനദിനം ആഘോഷിക്കാനും കൊച്ചി മറൈന്‍ഡ്രൈവില്‍ പരസ്യ ചുംബനത്തിന് തയ്യാറുള്ളവര്‍ ഒത്തുചേരാനും ആഹ്വാനം ചെയ്തത്. സംഭവം ഗംഭീരമായി. ഒട്ടേറെ ചുംബനതത്പരര്‍ ഒത്തുചേര്‍ന്നു. ചുംബനം തടയുമെന്ന ഭീഷണിയുമായി കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തവരെ അനുകൂലിക്കുന്ന മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ യുവജന നിരകളും ഒത്തുകൂടി. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നു വന്നപ്പോള്‍ നിയമാനുസൃത സമരം നടത്തിയവര്‍ ജയിലിലും ആയി, നിയമവിരുദ്ധമായി സംഘം ചേര്‍ന്നു സമരക്കാരെ തടയാന്‍ വന്നവര്‍ ഹീറോകളുമായി.
കൊച്ചിയില്‍ നിന്നും കോഴിക്കോട്ട് എത്തിയപ്പോള്‍ ഉള്ളടക്കത്തില്‍ ഉണ്ടായ ശ്രദ്ധേയമായ മാറ്റം വരാന്‍പോകുന്ന ചില അപകടങ്ങളുടെ സൂചനയാണ് നല്‍കുന്നത്. കൊച്ചിയിലെ ചുംബനവിരോധികള്‍ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, എസ് ഡി പി ഐ തുടങ്ങിയ വ്യത്യസ്ത ബാനറുകളുമായാണ് എത്തിയതെങ്കില്‍ കോഴിക്കോട്ട് ഇവരെല്ലാവരും ഹനുമാന്‍ സേന എന്ന ഒറ്റ ബാനറില്‍ കീഴില്‍ അണിനിരന്നു. പൂര്‍ണമനുഷ്യനിലേക്കുള്ള പരിണാമം ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത ഒരു വാനരപ്പട നമുക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ഒരു പുതിയ വാര്‍ത്ത തന്നെ.
ആരൊക്കെയായിരുന്നു ഈ സമരക്കാര്‍? ആരൊക്കെയായിരുന്നു തടയാന്‍ വന്നവര്‍? തീയേറ്ററിലെ എ പടം കാണാനെത്തുന്നവരെപ്പോലെ മറ്റു മനുഷ്യര്‍ കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതും കാണാന്‍ വന്നവരായിരുന്നു ആള്‍ക്കൂട്ടത്തില്‍ ഏറെയും എന്ന കാര്യം കൂടുതല്‍ ചിന്തക്കു വകനല്‍കുന്നു. സമരക്കാരെ നമുക്ക് അവഗണിക്കാം. അവര്‍ നിയമ നിഷേധികളാണ്. സദാചാരലംഘകരാണ്. അരാജകവാദികളാണ്. സര്‍വോപരി നിലവിലുള്ള വ്യവസ്ഥിതി അപ്പാടെ തകിടം മറിച്ച് പറ്റിയാല്‍ അതിനെ തലകുത്തി നിറുത്തണമെന്ന് ഊണിലും ഉറക്കത്തിലും ആഗ്രഹിക്കുന്നവരാണ്. എതിര്‍ക്കാന്‍ വന്നവരോ? രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ യുവജനവിഭാഗം, ശിവസേനക്കാര്‍, കോണ്‍ഗ്രസിന്റെയും ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവനിര. ഒരേ തൂവല്‍പ്പക്ഷികള്‍ ഒരുമിച്ചു പറക്കും എന്നൊക്കെ പറയാറുണ്ടെങ്കിലും വളരെ അപൂര്‍വമായിട്ടേ അത്തരം നയനമനോഹരമായ കാഴ്ചകള്‍ കാണാന്‍ കിട്ടാറുള്ളു.
എന്തു പറ്റിയെന്നറിയില്ല, കമ്യൂണിസ്റ്റ് യുവാക്കളെ കൂട്ടത്തില്‍ കണ്ടില്ല. അവരുടെ പഴയ പാരമ്പര്യം അനുസരിച്ചായിരുന്നെങ്കില്‍ അവരും ഒപ്പം കൂടേണ്ടതായിരുന്നു. മറ്റെന്തില്‍ വെള്ളം ചേര്‍ത്താലും സദാചാരസങ്കല്‍പ്പങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിനു മാത്രം കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ കൂട്ടുനിന്ന ചരിത്രമില്ല. മദ്യപാനം, പ്രേമം, പ്രാര്‍ഥന, ശരണംവിളി, മാലയിടല്‍, വ്രതാനുഷ്ഠാനം ഒന്നും പരസ്യമായി ചെയ്യുന്നത് വൈരുദ്ധ്യാധിഷ്ഠിത മന്ത്രവാദം എന്ന തങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ക്കു നിരക്കുന്നതല്ലെന്നു പാര്‍ട്ടിയില്‍ സഖാവ് ഇ എം എസിന്റെ കാലത്തു തന്നെ എഴുതി വെച്ചിട്ടുള്ളതാണ്. എന്തോ കോഴിക്കോട്ടെ സദാചാര ഗുണ്ടായിസത്തെ പരസ്യമായി അപലപിക്കുക മാത്രമല്ല, പാര്‍ട്ടിയുടെ യുവനേതാവ് സഖാവ് എം ബി രാജേഷ് ചുംബനസമരത്തെ അനുകൂലിച്ച് ഒന്നാന്തരം ഒരു ലേഖനം പ്രസിദ്ധീകരിക്കുക കൂടെ ചെയ്തു.
ചുംബനം കാണാനെത്തിയവരുടെ കാര്യമാണ് മഹാകഷ്ടം. വീട്ടിലെ വിഡ്ഢിപ്പെട്ടിക്കു മുമ്പിലിരുന്നു കണ്ടവരെ വെറുതെ വിടാം. മറ്റുള്ളവരുടെ സ്വകാര്യതകളില്‍ എന്തിനാണീ മനുഷ്യര്‍ ഇത്രയധികം താത്പര്യം എടുക്കുന്നതെന്നാണ് മനസ്സിലാകാത്തത്.
നവ ഉദാരവത്കരണം എന്ന ആഗോള സാമൂഹിക സാംസ്‌ക്കാരിക സമ്പദ് വ്യവസ്ഥയുടെ ആരാധകരായി ചമഞ്ഞ വലതുപക്ഷശക്തികള്‍ പാശ്ചാത്യസംസ്‌കാരത്തിന്റെ പ്രതിഫലനമായ ചുംബനസമരത്തെ എന്തിനാണ് ഭയപ്പെടുന്നത്? ഉത്തരം വ്യക്തമാണ്. പൊതുധാരയില്‍ ഉറച്ചുനില്‍ക്കുക എന്ന തങ്ങളുടെ യാഥാസ്ഥിതിക മനസ്സിന് യാതൊരു തരത്തിലും ഇളക്കം തട്ടാതെ സൂക്ഷിക്കുക. നാടോടുമ്പോള്‍ നടുവെ ഓടുക- ഉള്ളു പൊള്ളയായ മനുഷ്യര്‍. അവനവനില്‍ തന്നെ വിശ്വാസം നഷ്ടപ്പെട്ടവര്‍. കാപട്യത്തിന് കൈയും കാലും വെച്ച നോക്കുകുത്തികള്‍. ജാതിമതഭേദങ്ങളും രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളും ഒക്കെ മാറ്റി നിറുത്താം. കേരളത്തില്‍ രണ്ട് വിഭാഗങ്ങളേയുള്ളൂ. ഒന്ന് യാഥാസ്ഥിതികരും മറ്റേത് ഉത്പതിഷ്ണുക്കളും. ഇവരെ തിരിച്ചറിയുക എളുപ്പമല്ല. ഉള്ളില്‍ വിചാരിക്കുന്നതല്ല പുറത്തു പറയുന്നത്. ഈ യാഥാസ്ഥിതിക- ഉത്പതിഷ്ണു വേര്‍തിരിവ് വലതുപക്ഷം, ഇടതുപക്ഷം എന്ന പേരിലാണ് ലോകവ്യാപകമായി ഇന്നറിയപ്പെടുന്നത്. വലതുപക്ഷത്തെ ഇടതുപക്ഷക്കാരെയും ഇടതുപക്ഷത്തെ വലതുപക്ഷക്കാരെയും തിരിച്ചറിയുക ബുദ്ധിമുട്ടായിട്ടുണ്ട്. അതുകൊണ്ട് സാമാന്യബുദ്ധിയുള്ളവര്‍ മധ്യപക്ഷം എന്ന മറ്റൊരുപക്ഷം എത്രയും വേഗം ഉണ്ടാക്കേണ്ടിയിരിക്കുന്നു.
മധ്യപക്ഷ വീക്ഷണത്തിലൂടെ വിലയിരുത്തിയാല്‍ കോഴിക്കോട്ടെ സദാചാര ഗുണ്ടായിസത്തേയും ചുംബനസമരക്കാരേയും നമ്മള്‍ ഏതുതരത്തില്‍ കാണണം. സദാചാരഗുണ്ടായിസത്തെ ഒരുതരത്തിലും അനുകൂലിക്കാന്‍ കഴിയില്ല. നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത് നിയമം കൈയിലെടുക്കാന്‍ ഒരു പൗരനും അവകാശമില്ല. കൂട്ടായ പ്രക്ഷോഭ സമരങ്ങള്‍ പോലും സ്വകാര്യ വ്യക്തിക്കോ സ്വകാര്യസ്ഥാപനങ്ങള്‍ക്കോ നേരെയല്ല നടത്തേണ്ടത്. അത്തരക്കാര്‍ക്കെതിരെ ഗുരുതരമായ പരാതി നിലവിലുണ്ടെങ്കില്‍, ഒറ്റക്കുള്ള എതിര്‍പ്പ് ഫലവത്താകുന്നില്ല എന്നൊരു സാഹചര്യം ഉളവായാല്‍, പരാതിക്കാരനെ അനുകൂലിക്കുന്ന ജനങ്ങള്‍ മാര്‍ച്ച് നടത്തേണ്ടത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കോ കലക്‌ട്രേറ്റിലേക്കോ ഒക്കെയാണ്. നിയമം നടപ്പില്‍ വരുത്തേണ്ട ബാധ്യത അത്തരം ഭരണകൂടസ്ഥാപനങ്ങള്‍ക്കുള്ളതാണ്. യുദ്ധരംഗത്ത് കൊല്ലപ്പെട്ട ആങ്ങളമാരെ ചൊല്ലി വിലപിച്ച ഉത്തരേന്ത്യന്‍ സ്ത്രീകള്‍ക്കു മുമ്പില്‍ സ്വയം ആങ്ങളമാരായി നിന്നുകൊണ്ട് അവരുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത് അവരുടെ കൈയില്‍ രക്ഷാബന്ധന്‍ എന്ന ചരട് കെട്ടിച്ച് സ്വയം വരിച്ച ആങ്ങളമാരുടെ തണലില്‍ സ്വന്തം സുരക്ഷിതത്വം ഉറപ്പു വരുത്തിയ സ്ത്രീകള്‍ പണ്ട് ഉണ്ടായിരുന്നു. എന്തായാലും ദൈവാനുഗ്രഹത്താല്‍ ഇന്നു നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരവസ്ഥ ഇല്ല. എന്നിട്ടും എന്തിനാണ് നമ്മുടെ കേരളത്തിലെ ഈ യുവാക്കള്‍ അവരുടെ കൈയില്‍ കറുത്ത ചരട് കെട്ടി നടക്കുന്നതെന്നാരും ചോദിച്ചുകേട്ടില്ല. വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്കുവരെ സ്വയം സംരക്ഷിക്കാനറിയാം. ആ നിലക്ക് നമ്മുടെ സ്ത്രീകള്‍ അവരെ ആക്രമിക്കാന്‍ വരുന്ന ശത്രുക്കള്‍ക്കെതിരെ പുലര്‍ത്തുന്നതിലും അധികം ജാഗ്രത സ്ഥാനത്തും അസ്ഥാനത്തും പ്രത്യക്ഷപ്പെടുന്ന രക്ഷകന്മാര്‍ക്കെതിരെ പുലര്‍ത്തേണ്ടിയിരിക്കുന്നു.
ചുംബനാനുകൂല സമരക്കാരിലും ഇത്തരം ചില രക്ഷകന്മാരുണ്ട്. ശാശ്വതമായ പ്രണയബന്ധങ്ങളിലോ സുസ്ഥിരമായ കുടുംബബന്ധങ്ങളിലോ ഒന്നും താത്പര്യമില്ലാത്ത ദേശാടനക്കിളികള്‍. ചേക്കേറാന്‍ കൊമ്പുകള്‍ തേടി നടക്കുന്ന രാപ്പാടി പക്ഷിക്കൂട്ടങ്ങള്‍. സ്ത്രീകളുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നൊക്കെപ്പറയും. അതൊക്കെ നല്ലതു തന്നെ. പക്ഷേ, പെണ്‍കുട്ടികള്‍ ഒരുകാര്യം ഓര്‍ക്കുക. ആര്‍ക്കും ഉമ്മവെക്കാവുന്ന വെറും ശരീരങ്ങളായി നിങ്ങള്‍ മാറരുത്. നമ്മുടെ രണ്ട് പ്രധാനപ്പെട്ട എഴുത്തുകാരെ ബന്ധപ്പെടുത്തി രസകരമായ ഒരു കഥയുണ്ട്. നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുല്ലയും കവിയത്രി കമലാദാസും ആണ് കഥാപാത്രങ്ങള്‍. രണ്ടു പേരും ഒരേ വേദിയില്‍. കുഞ്ഞബ്ദുള്ളക്കാണെങ്കില്‍ ഒളിച്ചുവെക്കാനൊന്നും ഇല്ല. ഉള്ളിലുള്ളതെല്ലാം പുറമേക്കു കാണിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന ആശയം വിശദീകരിച്ചുകൊണ്ടുള്ള പ്രസംഗം കത്തിക്കയറുന്നു. ഇടക്ക് അടുത്തിരുന്ന കമലാദാസെന്ന മാധവിക്കുട്ടിയെ നോക്കിയിട്ട് ഒരു യാചന: “ചേച്ചീ, എനിക്കു ചേച്ചിയെ ബഹുത്തിഷ്ടമാണ്. ചേച്ചിയെ ഈ സദസ്സില്‍ വെച്ച് പരസ്യമായി ഞാനൊന്നുമ്മ വെച്ചോട്ടെ.” ഉടനെ മാധവിക്കുട്ടിയുടെ മറുപടി. നീ എന്റെ കവിളത്തുമ്മ വെച്ചോളു. എന്റെ ചുണ്ടുകളില്‍ മാത്രം നിന്റെ നാക്കു സ്പര്‍ശിക്കരുത്. അതെന്റെ ഭര്‍ത്താവിനു മാത്രം അവകാശപ്പെട്ടതാണ്.” പരസ്യചുംബനത്തില്‍ ഹരം കൊള്ളുന്ന അവിവാഹിത പെണ്‍കുട്ടികള്‍ ഓര്‍ക്കുക: ഭാവിയില്‍ എന്നെങ്കിലും നിങ്ങള്‍ക്കൊരു സ്ഥിരം ജീവിതപങ്കാളി വേണമെന്ന് തോന്നിയാല്‍ അയാള്‍ക്കു വേണ്ടി പരസ്പര്‍ശം ഏല്‍ക്കാത്ത എന്തെങ്കിലും ഒന്നു കരുതിവെച്ചേക്കണം.

Latest