പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനും ജി കെ എസ് എഫില്‍ പങ്കാളിയാകുന്നു

Posted on: December 10, 2014 12:02 am | Last updated: December 9, 2014 at 11:18 pm

തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ജി കെ എസ് എഫിന്റെ ഭാഗമായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ആകര്‍ഷണീയമായ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. ജി കെ എസ് എഫില്‍ പങ്കാളികളാകുന്ന പ്രീമിയം ഷോപ്പുകളില്‍ നിന്ന് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് പരമാവധി രണ്ട് ലക്ഷം രൂപ വരെ മറ്റു പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഏഴ് ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കുന്നതാണ് ജി കെ എസ് എഫ് കണ്‍സ്യൂമര്‍ ലോണ്‍ സ്‌കീം. വീട്ടാവശ്യങ്ങള്‍ക്കുള്ള ഫര്‍ണിച്ചറുകള്‍, ഫ്രിഡ്ജ്, കമ്പ്യൂട്ടര്‍, എയര്‍കണ്ടീഷണര്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റംസ് അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുക.
ആദ്യമായാണ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇത്തരമൊരു ആകര്‍ഷണീയ വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ഷിക കുടുംബ വരുമാനം 1,03,000 രൂപക്കുള്ളില്‍ വരുന്ന മറ്റു പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഉന്നതനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഈ പദ്ധതിപ്രകാരം വായ്പയെടുക്കാം. 18 മുതല്‍ 55 വയസ്സ്് വരെയുള്ളവര്‍ക്കാണ് വായ്പയെടുക്കാന്‍ കഴിയുക. ജി കെ എസ് എഫില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രീമിയം സ്ഥാപനങ്ങളില്‍ നിന്നു മാത്രം വാങ്ങുന്നതിനു നല്‍കുന്ന ഈ വായ്പ 60 തുല്യ മാസഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. ഡിസംബര്‍ 10 മുതല്‍ ജനുവരി 15 വരെയുള്ള കാലയളവിലാണ് ഈ വായ്പ ലഭിക്കുക. ഇത് സംബന്ധിച്ച ധാരണാപത്രം പട്ടികജാതി പിന്നാക്കക്ഷേമ ടൂറിസം മന്ത്രി എ പി അനില്‍ കുമാറിന്റെയും കോര്‍പറേഷന്‍ ചെയര്‍മാന്‍ മോഹന്‍ ശങ്കറിന്റെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ജി കെ എസ് എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദും കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ദിലീപ് കുമാറും തമ്മില്‍ ഒപ്പ് വെച്ചു.