വിജ്ഞാന സാമ്പത്തിക സൂചിക: യു എ ഇക്ക് ഒന്നാം സ്ഥാനം

Posted on: December 9, 2014 9:31 pm | Last updated: December 9, 2014 at 9:31 pm

ദുബൈ: സാമ്പത്തിക സൂചികയിലും വിജ്ഞാന സൂചികയിലും യു എ ഇ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയതായി മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പ്രഥമ ദുബൈ വിജ്ഞാന സമ്മേളനം അഭിപ്രായപ്പെട്ടു. യു എ ഇയുടെ വിജ്ഞാന സാമ്പത്തിക സൂചിക 7.09ലും വിജ്ഞാന സൂചിക 6.94ലും എത്തിനില്‍ക്കുന്നു. രാജ്യാന്തര തലത്തില്‍ 145 രാജ്യങ്ങള്‍ക്കിടയില്‍ വിജ്ഞാന സാമ്പത്തിക സൂചികയില്‍ 42-ാം സ്ഥാനമാണ് യു എ ഇക്കുള്ളത്. 2000നു ശേഷം ഏറെ പുരോഗതി പ്രാപിക്കാന്‍ കഴിഞ്ഞു. 2012ല്‍ 4.4ല്‍ നിന്ന് 5.8ലേക്ക് എത്തിപ്പെട്ടു.
കഴിഞ്ഞ വര്‍ഷം 7.09ല്‍ എത്തി. വിദ്യാഭ്യാസ സൂചികയില്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ രണ്ടാം സ്ഥാനത്താണ് യു എ ഇ. ഒന്നാം സ്ഥാനം ബഹ്‌റൈനാണ്. പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയതിലൂടെ വലിയ പുരോഗതിയാണ് യു എ ഇ കൈവരിച്ചത്. സഊദി അറേബ്യ ഖത്തര്‍ എന്നീ രാജ്യങ്ങളും മുന്നോട്ടുപോയിട്ടുണ്ട്. പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിലും സര്‍ഗാത്മഗതയിലും യു എ ഇക്ക് ഒന്നാം സ്ഥാനമുണ്ട്. ഇത് യു എ ഇയുടെ സമഗ്രപുരോഗതിക്ക് വലിയ സംഭാവന നല്‍കുന്നുണ്ട്.
യു എ ഇയില്‍ വിജ്ഞാനത്തിന്റെ പ്രാദേശിക വത്കരണത്തിന് പ്രാധാന്യം കല്‍പിക്കപ്പെട്ടിട്ടുണ്ട്. യുവാക്കളെ ഭാവിയിലേക്ക് സജ്ജമാക്കുക ലക്ഷ്യം വെച്ച് ഭരണകൂടം നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൗരന്മാരുടെ ശാക്തീകരണത്തിന്റെ കാര്യത്തില്‍ യു എ ഇ വെല്ലുവിളി നേരിടുന്നുണ്ട്. സ്വദേശികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. 20നും 35നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 4.6 ശതമാനമാണ്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് ഭാഗത്ത് നിന്നുണ്ടാകുന്നു എന്നതാണ് ആശാവഹമായ കാര്യം. 2013ല്‍ 61.14 ശതമാനം വരുമാനമാണ് എണ്ണേതര മേഖലകളില്‍ നിന്ന് ലഭിച്ചതെന്ന് സമ്മേളന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിജ്ഞാന സമ്മേളനം ഇന്ന് സമാപിക്കും. അറബ് ലോകത്തു നിന്ന് നിരവധി വിദ്യാഭ്യാസ വിചക്ഷണര്‍ എത്തി.