മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായി

Posted on: December 9, 2014 12:28 pm | Last updated: December 9, 2014 at 12:28 pm

ഒറ്റപ്പാലം: വാടകക്കെട്ടിടത്തിലെ സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴിലേക്ക് മാറ്റുന്ന ഒറ്റപ്പാലം മിനി സിവില്‍ സ്‌റ്റേഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
നിയമസഭാസമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രിയുെട സൗകര്യമനുസരിച്ച് തീയതി നിശ്ചയിക്കും. 2012 പകുതിയോടെ തുടങ്ങിയ കെട്ടിടനിര്‍മാണം തുടങ്ങിയത്,രണ്ടുവര്‍ഷമായിരുന്നു നിര്‍മാണകാലാവധി. വൈദ്യുതികണക്ഷന്‍ ലഭിക്കല്‍, ലിഫ്റ്റ് സ്ഥാപിക്കല്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രവൃത്തികള്‍ എന്നിവയെല്ലാമാണ് ശേഷിക്കുന്നത്.
ഒരു മാസത്തിനകം ഇവയെല്ലാം തീരുമെന്നാണ് പ്രതീക്ഷ. 14 സര്‍ക്കാര്‍ ഓഫീസുകളാണ് മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാറുക. താഴത്തെ നിലയില്‍ സബ് ട്രഷറി, ലീഗല്‍ മെട്രോളജി, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഒന്നാം നിലയില്‍ ജോയന്റ് ആര്‍ ടി ഒ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്‌സ്, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, സി ഡി പി ഒ ഓഫീസ് എന്നിവയും രണ്ടാം നിലയില്‍ വില്‍പ്പന നികുതി, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ ഓഫീസ്, അസി. ലേബര്‍ ഓഫീസ് എന്നിവയുമാണ് ഉണ്ടാകുക. എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, സോയില്‍ കണ്‍സര്‍വേഷന്‍, വ്യവസായവകുപ്പ് എന്നീ ഓഫീസുകള്‍ മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കും. കോണ്‍ഫറന്‍സ് ഹാളും ഐ എ എസ് പരീക്ഷാപരിശീലനമടക്കം നടത്താന്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യമുള്ള സ്മാര്‍ട്ട് ക്ലാസ് മുറിയും സജ്ജമാക്കുന്നുണ്ട്.
സ്മാര്‍ട്ട് ക്ലാസ് മുറി എം എല്‍ എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് ഉദ്ഘാടനത്തിനുശേഷമേ പ്രവര്‍ത്തനസജ്ജമാകൂ. കെട്ടിടത്തിലെ ഓഫീസുകളില്‍ പുതിയ ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഏഴ് കോടിയോളം രൂപ ചെലവിട്ട് 41,870 ചതുരശ്രയടി വിസ്തൃതിയിലാണ് കെട്ടിടം ഒരുങ്ങുന്നത്.
എല്ലാ നിലയിലും ജീവനക്കാര്‍ക്ക് പ്രത്യേകമുറികളും വികലാംഗര്‍ക്കുള്‍പ്പെടെ പ്രത്യേക ശുചിമുറികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എക്‌സൈസ് ഓഫീസിന് തൊണ്ടിമുതല്‍ സൂക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ സാധനങ്ങളും വാഹനങ്ങളും സൂക്ഷിക്കാന്‍ അധികസൗകര്യം കണ്ടെത്തേണ്ടിവരും.