പൊതുമരാമത്ത് വകുപ്പിനെതിരെ അഴിമതിയാരോപണവുമായി ഗണേഷ്‌കുമാര്‍

Posted on: December 9, 2014 11:45 am | Last updated: December 10, 2014 at 8:54 am

ganesh kumarതിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതിയാരോപണവുമായി നിയമസഭയില്‍ കെ ബി ഗണേഷ്‌കുമാര്‍. വി കെ ഇബ്‌റാഹിംകുഞ്ഞിന്റെ മൂന്ന് പേഴ്‌സനല്‍ സ്റ്റാഫംഗങ്ങള്‍ക്ക് എതിരെയാണ് അഴിമതിയാരോപണം നടത്തിയത്. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ നസിമുദീന്‍, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി അബ്ദുല്‍ റാഫി, അഡീഷനല്‍ പേഴ്‌സനല്‍ അസിസ്റ്റന്റ് ഐ എം അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ അഴിമതി നടത്തുകയാണെന്ന് ഗണേഷ് ആരോപിച്ചു. മറ്റൊരു മന്ത്രിക്കെതിരെയും തെളിവുകള്‍ കൈവശമുണ്ട്. പദ്ധതിയേതര ഫണ്ടില്‍ നിന്ന് തുക ചോദിച്ച തന്നോട് അങ്ങനെ ഫണ്ടില്ലെന്ന് പറഞ്ഞ പൊതുമരാമത്ത് മന്ത്രി സ്വന്തം മണ്ഡലത്തില്‍ 394 ഗ്രാമീണ റോഡുകള്‍ ഇതേ ഫണ്ടുപയോഗിച്ച് പുനരുദ്ധരിച്ചെന്നും ഗണേഷ് കുറ്റപ്പെടുത്തി.
എന്നാല്‍, ഗണേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച മന്ത്രി ഇബ്‌റാഹിംകുഞ്ഞ്, ഗണേഷ് പറഞ്ഞു എന്നതുകൊണ്ട് താനത് തള്ളുന്നില്ലെന്നും ഗൗരവമായി പരിശോധിക്കുമെന്നും വ്യക്തമാക്കി. മുന്‍കൂര്‍ നോട്ടീസില്ലാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി.
ശബരിമല റോഡ് വികസനം ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ അവതരിപ്പിക്കുന്നതിനിടെയാണ് യു ഡി എഫിനെ ഉലച്ചുകൊണ്ട് ആരോപണം ഉന്നയിച്ചത്. എം എല്‍ എ എന്ന നിലയില്‍ തനിക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്ന് കടുത്ത അപമാനമേറ്റു. പേഴ്‌സനല്‍ സ്റ്റാഫിന്റെ നേതൃത്വത്തില്‍ വന്‍ അഴിമതി നടക്കുകയാണ്. എം എല്‍ എയുടെ ഫയല്‍ മന്ത്രിയുടെ മേശപ്പുറത്തു വന്നാല്‍ ഫയല്‍ നീക്കുന്നത് തടയുന്നു. ഗണേഷ് കുമാറിന്റെ ഫയലില്‍ എന്തെങ്കിലും ചെയ്യാമോ എന്ന് മന്ത്രി ഈ മൂവര്‍ സംഘത്തോട് ചോദിക്കുമ്പോള്‍ ഇല്ലെന്ന് അവര്‍ തലയാട്ടുന്നതോടെ അവിടെ തീരും. ഇക്കാര്യങ്ങള്‍ താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. എഴുതി നല്‍കിയിട്ടുമുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
ആരോപണം രൂക്ഷമായതോടെ ഭരണപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റു. ഗണേഷ് കുമാറിന് പിന്തുണയുമായി പ്രതിപക്ഷ അംഗങ്ങളും എഴുന്നേറ്റതോടെ സഭ ശബ്ദമുഖരിതമായി. ബഹളം രൂക്ഷമായതോടെ ചെയര്‍ ഇടപെട്ടു. അംഗങ്ങള്‍ക്കെതിരെ അപകീര്‍ത്തിപരമായ ആരോപണം ഉന്നയിക്കണമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ചെയറിലുണ്ടായിരുന്ന സി പി മുഹമ്മദ് റൂളിംഗ് നല്‍കി.
ശ്രദ്ധ ക്ഷണിക്കല്‍ അവതരണത്തിന്റെ ചട്ടം ലംഘിച്ചാണ് ഗണേഷ് കുമാര്‍ ആരോപണമുന്നയിച്ചതെന്ന് ഇബ്‌റാഹിംകുഞ്ഞ് പറഞ്ഞു. നിയമസഭയില്‍ വ്യക്തമായ ചട്ടങ്ങളും നിയമങ്ങളുമുണ്ട്. ഗണേഷ് കുമാര്‍ മറ്റാരുടെയോ പ്രേതം ആവേശിച്ചപോലെയാണിവിടെ സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു.