പെരുമണ്ണ ക്ലാരി നാളികേര ഫെഡറേഷന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

Posted on: December 9, 2014 11:02 am | Last updated: December 9, 2014 at 11:02 am

മലപ്പുറം: കേര കൃഷിയുടെയും വ്യവസായത്തിന്റെയും സര്‍വോന്മുഖ വളര്‍ച്ചക്കും വികസനത്തിനും വേണ്ടി പെരുമണ്ണ ക്ലാരി പഞ്ചായത്ത് നാളികേര ഉത്പാദക ഫെഡറേഷന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചു.
കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോര്‍ഡാണ് അനുമതി നല്‍കിയത്. നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും തെങ്ങിന്റെ വര്‍ഗ ഗുണവും വിളവും വര്‍ധിപ്പിക്കുന്നതിനും പര്യാപ്തമായ പദ്ധതികള്‍ ഫെഡറേഷന്‍ നടപ്പിലാക്കും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നടീല്‍ വസ്തുക്കളുടെ പ്രചരണ പരിപാടികളും സംഘടിപ്പിക്കും. നാളികേരത്തില്‍ നിന്നുള്ള നിരവധി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നൂതന പ്രക്രിയകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണ പദ്ധതികള്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ പ്രദേശത്തെ കേര ഗ്രാമമാക്കി കേരഗ്രാമ പദ്ധതിയും നടപ്പിലാക്കും.
നീര ഉത്പാദനവും വിപണനവും തുടങ്ങാനുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള നീര ടെക്‌നീഷ്യന്മാര്‍ക്കുള്ള പരിശീലനം ഉടന്‍ ആരംഭിക്കും. നാളികേര കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ തെങ്ങ് കൃഷി പുനരുദ്ധാരണ പദ്ധതി അടക്കമുള്ള വിവിധ സാങ്കേതിക സഹായ പദ്ധതികള്‍ തുടങ്ങാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഫെഡറേഷന്‍ പ്രസിഡന്റ് പി കെ സഹല്‍ ക്ലാരി പറഞ്ഞു. 15 ഉത്പാദക സംഘങ്ങളിലായി പ്രദേശത്തെ രണ്ടായിരത്തോളം കര്‍ഷകര്‍ അംഗങ്ങളായിട്ടുണ്ട്.