Connect with us

National

കൂടുതല്‍ വോട്ട് ലഭിച്ചിട്ടും ടൈം 'പേഴ്‌സണ്‍ ഓഫ് ദി ഇയര്‍' പുരസ്‌കാര പട്ടികയില്‍ നിന്നും മോദി പുറത്ത്

Published

|

Last Updated

വാഷിങ്ടണ്‍: ടൈം മാഗസിന്റെ “പേഴ്‌സണ്‍ ഓഫ് ദി ഇയര്‍” ഓണ്‍ലൈന്‍ വോട്ടിങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാമതെത്തി. എന്നാല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്ന എട്ട് പേരുടെ ചുരുക്കപട്ടികയില്‍ നിന്ന് മോദി പുറത്തായി. മോദി ഉള്‍പ്പെടെയുള്ള 50 പേരുടെ പട്ടികയാണ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നത്. ടൈം പത്രാധിപസമിതി എട്ട് പേരുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പുറത്തായത്.
ഫെര്‍ഗൂസന്‍ പ്രക്ഷോഭകര്‍, എബോളയ്‌ക്കെതിരെ പ്രവര്‍ത്തിച്ചവര്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍, ആപ്പിള്‍ സിഇഒ ടിം കുക്ക്, ഇറാഖിലെ കുര്‍ദിഷ് നേതാവ് മസൂദ് ബര്‍സാനി, അലിബാബ ഗ്രൂപ്പ് മേധാവി ജാക്ക് മാ, പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ്, അമേരിക്കന്‍ ദേശീയ ഫുട്‌ബോള്‍ ലീഗ് കമീഷണര്‍ റോജര്‍ ഗുഡെല്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചവര്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പയായിരുന്നു കഴിഞ്ഞ തവണ പുരസ്‌കാരത്തിന് അര്‍ഹനായത്.
പ്രധാനമന്ത്രി നരേന്ദ്രമോദി 16.2 ശതമാനം വോട്ട് നേടിയാണ് ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ ഒന്നാമതെത്തിയത്. 9.2 ശതമാനം വോട്ട് നേടിയ ഫെര്‍ഗൂസന്‍ പ്രക്ഷോഭകാരികള്‍ മോദിയേക്കാള്‍ എറെ പിന്നിലായിരുന്നു. ഇപ്പോഴത്തെ ഈജിപ്ത് ഭരണാധികാരി അബ്ദുല്‍ ഫത്താഹ് അല്‍സീസിയായിരുന്നു കഴിഞ്ഞതവണ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വോട്ട് നേടിയത്.
1927 മുതലാണ് ടൈം മാസിന്‍ ഓരോ വര്‍ഷത്തേയും ഏറ്റവും വാര്‍ത്താ പ്രാധാന്യമുള്ള വ്യക്തിയെ തിരഞ്ഞെടുക്കുന്നത്. 1930ല്‍ മഹാത്മാ ഗാന്ധിക്ക് ലഭിച്ച ശേഷം ഇന്ത്യയില്‍ ആര്‍ക്കും ലഭിച്ചിട്ടില്ല. 225 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇത്തവണ ഓണ്‍ലൈനിലൂടെ വോട്ട് രേഖപ്പെടുത്തിയത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ഇന്ത്യയില്‍ നിന്നാണ്.