Connect with us

International

പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക് സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫും(പി ടി ഐ) പോലീസും തമ്മില്‍ സംഘര്‍ഷം. സര്‍ക്കാറിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഫൈസലാബാദില്‍ കടകള്‍ അടപ്പിക്കാന്‍ പി ടി ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പോലീസുമായി ഏറ്റുമുട്ടലിലേക്ക് നയിച്ചത്. പി ടി ഐ നേതാവ് ഇമ്രാന്‍ ഖാന്റെ ഉത്തരവ് പ്രകാരമായിരുന്നു വ്യാപകമായി കടകള്‍ അടപ്പിച്ചുകൊണ്ടുള്ള സമരത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. ജലപീരങ്കി, ബാറ്റണ്‍, കണ്ണീര്‍വാതക ഷെല്ലുകള്‍ എന്നിവ ഉപയോഗിച്ച് പോലീസ് പ്രക്ഷോഭകരെ നേരിട്ടു. ഫൈസലാബാദിന് പുറമെ മില്ലത് ചൗക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. പല സ്ഥലങ്ങളിലും ഇപ്പോഴും സ്ഥിതി ശാന്തമായിട്ടില്ല. വിവിധയിടങ്ങളില്‍ പ്രക്ഷോഭകര്‍ പിന്തിരിഞ്ഞ് പോകാന്‍ വിസമ്മതിച്ചു. നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കുത്തിയിരിപ്പ് സമരത്തിലേര്‍പ്പെട്ട പ്രക്ഷോഭകര്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്(പി എം എല്‍- എന്‍)നെതിരെ മുദ്രാവാക്യവും ഉയര്‍ത്തി. പ്രക്ഷോഭകര്‍ റോഡുകളില്‍ ടയറുകള്‍ മറ്റും കത്തിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ പി ടി ഐയും പാക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ മാസം 18ന് പ്രഖ്യാപിച്ചിരിക്കുന്ന ദേശവ്യാപക കടയടക്കല്‍ സമരത്തിന് മുന്നോടിയായാണ് പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിലെ കടകള്‍ അടപ്പിച്ച് പി ടി ഐ സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 30ന്, കടയടപ്പിക്കല്‍ സമരം നടത്തുമെന്ന് ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
2013ല്‍ നടന്ന പാക് പൊതു തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് പാര്‍ട്ടി കൃത്രിമം കാണിച്ചെന്നും ഇതുസംബന്ധിച്ച കൃത്യമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രധാന പ്രതിപക്ഷമായി പി ടി ഐയും ഇതിന്റെ നേതാവ് ഇമ്രാന്‍ ഖാനും രംഗത്തെത്തിയിരിക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നവാസ് ശരീഫ് രാജിവെക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടുന്നു.

Latest